
കൊതുക് പരത്തുന്ന മാരകമായ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മസാച്യുസെറ്റ്‌സിലെ പല പട്ടണങ്ങളും രോഗ വ്യാപനം തടയാനുള്ള നടപടികളിലേക്ക് കടന്നു. ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് (EEE) എന്ന രോഗം പിടിപെട്ടതിനെ തുടർന്ന് 80 വയസ്സുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിച്ചപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇയാൾ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരാഴ്ചയിലേറെയായി ഇയാൾ ആശുപത്രിയിലാണെന്നും അദ്ദേഹത്തിൻ്റെ നിലയിൽ പുരോഗതിയുണ്ടെന്നും ഓക്സ്ഫോർഡിൻ്റെ ടൗൺ മാനേജർ ജെന്നിഫർ കാലഹാൻ അറിയിച്ചു. 30 ശതമാനമാണ് ഈ രോഗത്തിന്റെ മരണ നിരക്ക്.
നിർണായകമായ അപകടസാധ്യതയുള്ള മസാച്യുസെറ്റ്‌സിലെ ഡഗ്ലസ്, സട്ടൺ, വെബ്‌സ്റ്റർ, ഓക്‌സ്‌ഫോർഡ് നഗരങ്ങളാണ് രോഗ പ്രതിരോധ നടപടികൾ ശക്തമാക്കിയത്. കൊതുകുകടി കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 30 വരെ, വൈകുന്നേരം 6 മണിക്കുള്ളിൽ വീടിനു പുറത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് വീടിനുള്ളിൽ കയറണമെന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കൊടും തണുപ്പ് വ്യാപിക്കും വരെ ഇതു തുടരണമെന്നാണ് അഭ്യർഥന.
അതേസമയം, ബോസ്റ്റണിൽ നിന്ന് 40 മൈൽ തെക്കുകിഴക്കായി, ഒരു കുതിരയ്ക്ക് ഈ രോഗം ബാധിച്ചതായി കണ്ടെത്തിയ പ്ലിമൗത്ത് പട്ടണത്തിൽ എല്ലാ ദിവസവും സന്ധ്യ മുതൽ പുലർച്ചെ വരെ ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. മസാച്യുസെറ്റ്‌സിൽ ഉടനീളം, എല്ലാവരോടും പുറത്തുള്ളപ്പോൾ കൊതുകിനെ അകറ്റുന്ന റിപലൻ്റസ് ഉപയോഗിക്കാനും വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളകെട്ട് ഒഴിവാക്കാനും അഭ്യർഥിച്ചിട്ടുണ്ട്.
ഓരോ വർഷവും യുഎസിൽ EEE യുടെ അപൂർവം കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. മെക്സിക്കോ ഉൾക്കടലിന് ചുറ്റുമുള്ള സംസ്ഥാനങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വസന്തത്തിൻ്റെ അവസാനത്തിലാണ് രോഗബാധ പ്രത്യക്ഷപ്പെടാറ്. EEE വാഹകരായ കൊതുകുകൾ മിക്കപ്പോഴും ചതുപ്പുനിലങ്ങളിൽ മുട്ടയിട്ടു പെരുകുന്നത് പതിവാണ്.
വൈറസ് വാഹകരായ കൊതുകിൻ്റെ കടിയേറ്റാൽ അണുബാധ ലക്ഷണങ്ങൾ കാണിക്കാൻ നാല് മുതൽ 10 ദിവസം വരെ എടുത്തേക്കാം. തലവേദന, വിറയൽ, ഛർദ്ദി, കടുത്ത പനി എന്നിവ ഇതിൽ ഉൾപ്പെടുന്നു. EEE ന് വാക്സിനുകളോ ചികിത്സകളോ ഇല്ല.
spread of a deadly mosquito-borne virus in Massachusetts