കച്ചത്തീവ് വിവാദം : ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ശ്രീലങ്കന്‍ മന്ത്രി

ന്യൂഡല്‍ഹി: കച്ചത്തീവിന്റെ പേരില്‍ പുകയുന്ന വിവാദങ്ങളില്‍ മറുപടിയുമായി ശ്രീലങ്ക. കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ശ്രീലങ്കന്‍ ഫിഷറീസ് മന്ത്രി ഡഗ്ലസ് ദേവാനന്ദ.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ മന്ത്രിയുടെ പരാമര്‍ശം എത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാര കസേര ഉറപ്പിക്കാനുള്ള ശ്രമത്തില്‍ ഭരണകക്ഷിയായ ബിജെപി, തങ്ങളുടെ ബദ്ധവൈരിയായ കോണ്‍ഗ്രസിനെതിരെ തൊടുത്ത ആയുധമായിരുന്നു കച്ചത്തീവ് ദ്വീപ് വിവാദം. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് കോണ്‍ഗ്രസ് ആണെന്നും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആണെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ട മോദി ആരോപിച്ചത്.

ഏപ്രില്‍ 19ന് ആരംഭിക്കുന്ന ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടിയാണ് വിവാദത്തോട് ശ്രീലങ്കന്‍ മന്ത്രി ദേവാനന്ദ പ്രതികരിച്ചത്. ‘ഇപ്പോള്‍ അവിടെ തിരഞ്ഞെടുപ്പ് കാലമാണ്. അതിനാല്‍, കച്ചത്തീവിനെക്കുറിച്ച് അത്തരം അവകാശവാദങ്ങളുടെയും പ്രതിവാദങ്ങളുടെയും ആരവങ്ങള്‍ കേള്‍ക്കുന്നത് അസാധാരണമല്ല. കച്ചത്തീവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച പ്രസ്താവനകള്‍ക്ക് അടിസ്ഥാനമില്ലെന്നും’ അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide