
ഇന്ന് അന്തരിച്ച മൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും ഇന്ത്യയും തമ്മിൽ മറക്കാനാവാത്ത ഒരു ബന്ധം നിലനിന്നിരുന്നു. 39-ാമത് അമേരിക്കൻ പ്രസിഡൻ്റായ കാർട്ടർ ഇന്ത്യ സന്ദർശിക്കുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്നു. 1978-ലെ അദ്ദേഹത്തിൻ്റെ സന്ദർശനം സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ കാലഘട്ടത്തിൽ യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ത്യയുടെ 1974 ലെ പൊഖ്റാൻ ആണവ പരീക്ഷണത്തെ തുടർന്ന് മോശമായ ഇന്ത്യ – യുഎസ് ബന്ധം സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് കാർട്ടർ ഇന്ത്യയിൽ എത്തിയത്.
അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാർട്ടർ ആണവ നിർവ്യാപനത്തിന് വേണ്ടി വാദിക്കുകയും ആണവ നിർവ്യാപന കരാറിൽ (NPT) ചേരാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ഈ നിർദ്ദേശത്തെ എതിർത്തു.

ഇതൊക്കെയാണെങ്കിലും, കാർട്ടറിൻ്റെ സന്ദർശനം ഇന്ത്യയിൽ, പ്രധാനമായും ഹരിയാനയിലെ ദൗലത്പൂർ നസിറാബാദ് ഗ്രാമത്തിൽ വലിയ മാറ്റമുണ്ടാക്കി. അദ്ദേഹത്തിൻ്റെ ഇന്ത്യ സന്ദർശന വേളയിൽ, ആ ഗ്രാമം അദ്ദേഹത്തിന് ആതിഥേയത്വം നൽകുകയും ആ ഗ്രാമത്തിന്റെ പേര് കാർട്ടർപുരി എന്നാക്കി മാറ്റുകയും ചെയ്തു. 1960കളിൽ ജിമ്മികാർട്ടറിൻ്റെ അമ്മലിലിയാൻ ആ ഗ്രാമത്തിൽ എത്തി സേവനം ചെയ്തിരുന്നു. ലോക സമാധാന മിഷൻ്റെ ഭാഗമായാണ് റജിസ്റ്റേഡ് നഴ്സായ ലിലിയാൻ അവിടെ എത്തിയത്. അമ്മയുടെ ഓർമക്കായാണ് കാർട്ടറും ഭാര്യ റോസാലിനും ആ ഗ്രാമം സന്ദർശിച്ചത്. പിന്നീട് വളരെ വർഷക്കാലം കാർട്ടർ ആ ഗ്രാമവുമായുള്ള ബന്ധം കത്തുകളിലൂടെ നിലനിർത്തിയിരുന്നു. ഒരു കാലത്ത് ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന അമേരിക്കക്കാരുടെ ഒരു സ്ഥിരം സന്ദർശന കേന്ദ്രമായിരുന്നു കാർട്ടർപുരി അവിടെ കാർട്ടർ ഇരുന്ന ഹവേലിയും.
Story Behind an Indian Village Named After Jimmy Carter