
മുംബൈ: മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള എയര്‍ മൗറീഷ്യസ് വിമാനത്തില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ദുരിത യാത്ര നടത്തി യാത്രികര്‍.
കുട്ടികളും 78 വയസുള്ള മുതിര്‍ന്ന വ്യക്തിയും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ശ്വാസതടസ്സം നേരിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ കയറിയ ഉടന്‍ എഞ്ചിന്‍ തകരാറിലായതിനാല്‍ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം വിമാനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4:30 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ 3:45 ന് ബോര്‍ഡിംഗ് ആരംഭിച്ചു. പിന്നീട് ചില തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം വിമാനത്തില്‍ തുടരേണ്ടി വന്നു. സാങ്കേതിക തടസം സംഭവിച്ചതിനാല്‍ ആരെയും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനക്കമ്പനി വിമാനം റദ്ദാക്കി.










