സുരക്ഷ മുഖ്യം! വിമാനങ്ങളില്‍ പവര്‍ബാങ്കുകളുമായി യാത്ര ചെയ്യുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് ഇന്ത്യയും

ന്യൂഡല്‍ഹി: ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ലോകമെമ്പാടും റിപ്പോര്‍ട്ടുചെയ്യുന്നതിനെത്തുടര്‍ന്ന്, വിമാനങ്ങളില്‍ പവര്‍ബാങ്കുകളുമായി യാത്ര ചെയ്യുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് ഇന്ത്യയും കടക്കുന്നു. വിവിധ രാജ്യങ്ങളിലും എയര്‍ലൈന്‍ കമ്പനികളിലും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയാണ് സുരക്ഷയുടെ ഭാഗമായി കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ദിമാപൂരിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാന യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ചിരുന്നു. ഇതോടെയാണ് സംഭവം നിയമപരിധിയിലാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആലോചിക്കുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ തേടിയതായാണ് അറിയാന്‍ കഴിഞ്ഞത്. വിദേശ വിമാനക്കമ്പനികളാണ് പവര്‍ ബാങ്കുകളില്‍ കൂടുതലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചിലര്‍ പവര്‍ ബാങ്ക് സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലെ ബാഗിലോ സൂക്ഷിക്കണമെന്നും ഓവര്‍ഹെഡ് ബിന്നുകളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നു.

ഒക്ടോബര്‍ 1 മുതല്‍, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഏതെങ്കിലും പവര്‍ ബാങ്ക് വിമാനത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. 100 വാട്ടിന് താഴെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് ഒരു യാത്രക്കാരന് കൊണ്ടുപോകാമെങ്കിലും ഇതുപയോഗിക്കാന്‍ അനുവദിക്കില്ല.

മിക്ക ഫോണുകളിലും അത്യാധുനിക ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും അമിത ചാര്‍ജിംഗ് തടയുന്നതിനായി ബാറ്ററിയിലേക്ക് പതുക്കെ കറന്റ് ചേര്‍ക്കുന്ന ഒരു ആന്തരിക സംവിധാനമുണ്ട്. എന്നാല്‍ പല അടിസ്ഥാന പവര്‍ ബാങ്കുകളിലും ഈ സുരക്ഷാസംവിധാനം ഇല്ലെന്നത് സുരക്ഷാപ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്.