മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു; തീരുമാനം വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. പ്രിന്‍സിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമാണ് നടന്നുകൊണ്ടിരുന്നത്.

അതേസമയം കോളജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന് കുത്തേറ്റത്. വിദ്യാര്‍ത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ച വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നാടക റിഹേഴ്‌സലിന് ശേഷം പോകുകയായിരുന്ന തങ്ങളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പിന്നാലെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

More Stories from this section

family-dental
witywide