ട്രംപിന് പിന്തുണ; യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥ്വത്തില്‍ നിന്നും പിന്മാറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, ജോണ്‍ എഫ് കെന്നഡി കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടുമെന്ന് ട്രംപും

വാഷിംഗ്ടണ്‍: സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥ്വത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചാണ് പിന്മാറ്റം. മാത്രമല്ല, പിന്മാറ്റത്തിനു പിന്നാലെ അരിസോണയില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം കെന്നഡി ജൂനിയര്‍ വേദിയിലെത്തുകയും ചെയ്തു.

കെന്നഡി ജൂനിയര്‍ പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, അരിസോണയിലെ ഗ്ലെന്‍ഡേലില്‍ നടന്ന റാലിയില്‍ സംസാരിച്ച ട്രംപ്, നവംബറില്‍ താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍, ‘ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന എല്ലാ രേഖകളും’ പുറത്തുവിടുമെന്ന് പറഞ്ഞു. മാത്രമല്ല, കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രമുഖ വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകനായ കെന്നഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ‘ഉന്നത വിദഗ്ധരുടെ ഒരു പാനല്‍ സ്ഥാപിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, അരിസോണ സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബാലറ്റില്‍നിന്നു പേരു നീക്കാന്‍ കെന്നഡി ജൂനിയര്‍ അപേക്ഷ നല്‍കി. മത്സരത്തില്‍ നിന്ന് പിന്മാറുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ തീരുമാനമാണ്, പക്ഷേ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അരിസോണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്നെയും മറ്റ് മൂന്നാം കക്ഷി സ്ഥാനാര്‍ഥികളെയും ബാലറ്റില്‍ നിന്ന് മാറ്റിനിര്‍ത്താനും ട്രംപിനെ ജയിലിലടയ്ക്കാനും ആധുനിക ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

More Stories from this section

family-dental
witywide