
കൊച്ചി: സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ നടനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. മോട്ടോര്‍ വാഹന വകുപ്പ് മൂന്നുതവണ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടും സുരാജ് ഒരു മറുപടിയും നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സുരാജിന്റെ വാഹനം എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്രചെയ്തിരുന്ന മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതുകാലിന്റെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് മോട്ടോര്‍ വാഹനവകുപ്പിന് കൈമാറിയത്.