‘എനിക്കു സംഭവിച്ചത് വളരെ മോശം കാര്യം’; ആക്രമണത്തിൽ മൗനം വെടിഞ്ഞ് സ്വാതി മലിവാൾ; കെജ്‌രിവാളിൻ്റെ പിഎക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാളിൻ്റെ മൊഴി രേഖപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി വൈഭവ് കുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് ഡൽഹി പൊലീസ്. സംഭവത്തിൽ മൗനം വെടിഞ്ഞ സ്വാതി മലിവാൾ ഈ ഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞു. മെയ് 13 ന് മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ വസതിയിൽ വച്ച് ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പരസ്യ പ്രതികരണമായിരുന്നു ഇത്.

“എനിക്ക് സംഭവിച്ചത് വളരെ മോശം കാര്യമാണ്. ഞാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വേണ്ട നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞകുറച്ചു ദിവസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി. എനിക്കെതിരെ വ്യക്തിത്വഹത്യ നടത്തിയവരെയും മറ്റ് പാർട്ടിക്കാരുടെ നിർദ്ദേശപ്രകാരമാണ് ഞാൻ ആരോപണം ഉന്നയിച്ചതെന്ന് പറഞ്ഞവരെയും ദൈവം അനുഗ്രഹിക്കട്ടെ. രാജ്യത്ത് പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വാതി മലിവാൾ അല്ല പ്രധാനം, രാജ്യത്തിന്റെ പ്രശ്നങ്ങൾ ആണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപിക്കാരോട് പ്രത്യേക അപേക്ഷ,” എന്നാണ് സ്വാതി മലിവാൾ കുറിച്ചത്.

സ്വാതി മലിവാളിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച ഡൽഹി പോലീസ് അരവിന്ദ് കെജ്‌രിവാളിൻ്റെ മുൻ സഹായി വൈഭവ് കുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു.

More Stories from this section

family-dental
witywide