ട്വെന്റി20 ലോകകപ്പിൽ യുഎസ്എ സൂപ്പർ എട്ടിൽ; പാക്കിസ്ഥാൻ പുറത്ത്

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാൻ പുറത്ത്. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ട യുഎസ്എ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.. പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് യുഎസ്എ, ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തി. നാലു കളികളില്‍ നിന്ന് അഞ്ചു പോയന്റോടെയാണ് യുഎസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം. അയര്‍ലന്‍ഡും പുറത്തായി.

ഇരു ടീമുകളും പോയന്‍റ് പങ്കിട്ടതോടെ യുഎസ്എക്ക് നാലു മത്സരങ്ങളിൽ അഞ്ചു പോയിന്‍റായി. രണ്ടു പോയിന്‍റുള്ള പാക്കിസ്ഥാന് അവസാന മത്സരം ജയിച്ചാലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്താനാകില്ല. ഞായറാഴ്ച അയർലൻഡിനെതിരെയാണ് പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പർ എട്ടിലേക്ക് കടക്കുക.

രണ്ടു തവണ ഗ്രൌണ്ട് പരിശോധിച്ച അമ്പയര്‍മാര്‍ മത്സരം വൈകുമെന്ന സൂചന നല്‍കിയിരുന്നു. അവസാനം പരിശോധന നടത്തിയത് ഇന്ത്യന്‍ സമയം 10.45നായിരുന്നു. അതിനുശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായത്.