
കമലാ – ട്രംപ് സംവാദം അവസാനിച്ച ഉടൻ തന്നെ അമേരിക്കൻ സൂപ്പർ പോപ് താരം ടെയ്ലർ സിഫ്ട് കമലാ ഹാരിസിന് പിന്തുണ അറിയിച്ചു. ഇൻസ്റ്റഗ്രാമിലാണ് സിഫ്ട് തൻ്റെ പിന്തുണ അറിയിച്ചത്. 283 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുണ്ട് അവർക്ക്. “2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഞാൻ എൻ്റെ വോട്ട് കമലാ ഹാരിസിനും ടിം വാൾസിനും നൽകും, കാരണം അവകാശങ്ങൾക്കു വേണ്ടി പോരാടി വിജയിപ്പിക്കാൻ കഴിയുന്ന ഒരു പോരാളിയാണ് അവർ. കമല സ്ഥിരതയുള്ള, പ്രതിഭാധയായ നേതാവാണെന്ന് ഞാൻ കരുതുന്നു. അവരാണ് പ്രസിഡൻ്റ് എങ്കിൽ ഈ രാജ്യത്ത് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
അമേരിക്കയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമാണ് സ്വിഫ്ട്. അതിനാൽ തന്നെ സിഫ്ടിൻ്റെ പിന്തുണ കമലാ ഹാരിസിന് വലിയ ഗുണം ചെയ്യും. സിഫ്ടിൻ്റെ ആരാധകർ പൊതുവെ സ്വിഫ്ടീസ് എന്നാണ് അറിയപ്പെടുന്നത്.
അവളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് 15 മിനിറ്റിനുള്ളിൽ ഏകദേശം 1.5 ദശലക്ഷം ലൈക്കുകൾ ലഭിച്ചു. “ഞാൻ പ്രസിഡൻഷ്യൽ ഡിബേറ്റ് മുഴുവൻ ശ്രദ്ധിച്ചു. ഒരു വോട്ടർ എന്ന നിലയിൽ, ഈ രാജ്യത്തിനായുള്ള ഇരുവരുടേയും നിർദ്ദേശങ്ങളും നയങ്ങളും പദ്ധതികളും എന്താണെന്ന് എനിക്ക് അറിയണമായിരുന്നു.” സിഫ്ട് പറഞ്ഞു.
അതിനിടെ സിഫ്ടീസിൻ്റെ പിന്തുണ ട്രംപിനാണ് എന്നു വരുത്തി തീർക്കുന്ന AI ഇമേജുകൾ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇറങ്ങിയിരുന്നു. അതിനെ കുറിച്ചും സ്വിഫ്ട് പരാമർശിച്ചു. “AI-യെ ചുറ്റിപ്പറ്റിയുള്ള എൻ്റെ ഏറ്റവും വലിയ ഭയം അത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നതാണ്. അതിന്റെ അപകടത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഒരു വോട്ടർ എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ എൻ്റെ നിലപാട് എന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നു എന്ന സത്യം അതിനാൽ തന്നെ ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു. സ്വിഫ്ട് കുറിച്ചു.”
എൽജിബിടിക്യു+ അവകാശങ്ങൾ, ഐവിഎഫ്, സ്ത്രീയുടെ അവകാശങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന ഹാരിസിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ടിം വാൾസിനെയും സ്വിഫ്റ്റ് പ്രശംസിച്ചു.
“ഞാൻ ഗവേഷണം നടത്തി, എൻ്റെ ചോയ്സ് തീരുമാനിച്ചു. നിങ്ങളുടെ ചോയ്സ് നിങ്ങളുടേതാണ്, ഈ തിരഞ്ഞെടുപ്പും നിങ്ങളുടേതാണ്.” സ്വിഫ്ട് കുറിച്ചു.
കുട്ടികളില്ലാത്ത സ്ത്രീകളെ പരാമർശിച്ചുകൊണ്ട് ചൈൽഡ് ലെസ് ക്യാറ്റ് ലേഡീസ് എന്ന് ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെഡി വാൻസ് പറഞ്ഞിരുന്നു. അതിനെ പരിഹസിച്ചുകൊണ്ട് സ്വിഫ്ട് കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്..
“സ്നേഹത്തോടെയും പ്രതീക്ഷയോടെയും,
ടെയ്‌ലർ സ്വിഫ്റ്റ്, ചൈൽഡ്‌ലെസ് ക്യാറ്റ് ലേഡി”
Taylor Swift endorses Kamala Harris