
ചിക്കാഗോയിലെ ഡെമോക്രാറ്റിക് കൺവെൻഷൻ്റെ ഒന്നാം ദിനത്തിൽ ചരിത്രം കുറിച്ച് പ്രസിഡൻ്റ് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയ ശേഷം ബൈഡൻ ഇത്രയും പാർട്ടി അനുയായികളെ ആദ്യമായി ഒരുമിച്ചു കാണുകയായിരുന്നു. ഏറ്റവും ഒടുവിലായിരുന്നു ബൈഡൻ്റെ പ്രസംഗം. കൺവെൻഷൻ വേദി നിറഞ്ഞു കവിഞ്ഞ് ആളുക്കൂട്ടം ബൈഡനായി കാത്തിരിക്കുകയായിരുന്നു. മുന്നേ പ്രസംഗിച്ചവരെല്ലാം നന്ദിയും പ്രശംസയുംകൊണ്ട് ബൈഡനെ മൂടിയിരുന്നു.

ബൈഡനു മുന്നേ പ്രസംഗിച്ചത് മകൾ ആഷ്ലി ബൈഡനായിരുന്നു. അവർ തൻ്റെ പിതാവിനെ കുറിച്ച് വ്യക്തിപരമായാണ് സംസാരിച്ചത്. അദ്ദേഹം എത്രമാത്രം അവരെ സ്നേഹിക്കുന്നു എന്ന് ആഷ്ലി വ്യക്തമാക്കി. അദ്ദേഹം സ്ത്രീകളെ വിലമതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായും ആഷ്ലി പറഞ്ഞു. ബൈഡൻ വേദിയിലേക്ക് വന്നപ്പോൾ ജനക്കൂട്ടം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. മകളുടെ പ്രസംഗവും ജനത്തിന്റെ സ്നേഹവും കണ്ട് ബൈഡൻ്റെ കണ്ണുകൾ നിറഞ്ഞു. അയാൾ കണ്ണീർ തുടച്ചുകൊണ്ടാണ് പ്രസംഗിക്കാനായി എത്തിയത്. തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ അദ്ദേഹമെടുത്ത തീരുമാനം അദ്ദേഹത്തിന്റെ വിനയത്തിൻ്റേയും ലാളിത്യത്തിൻ്റേയും മികച്ച ഉദാഹരണമാണ് എന്ന് ഭാര്യ ജിൽ ബൈഡൻ പറഞ്ഞു.

പ്രസംഗിക്കാനായി മൈക്കിനു മുന്നിലെത്തിയ ബൈഡനെ thank you Joe.. We Love Joe .. വിളികളാൽ ജനക്കൂട്ടം മൂടി. ആദ്യ 5 മിനിറ്റ് നേരം ബൈഡന് പ്രസംഗിക്കാനായില്ല. അദ്ദേഹം കയ്യുയർത്തി നന്ദി… നന്ദി… എന്നു പറഞ്ഞുകൊണ്ടിരുന്നു.

50 വർഷത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ട് എന്നപോലെ തൻ്റെ പ്രസംഗത്തിന്റെ ഒടുവിൽ ബൈഡൻ പറഞ്ഞു.” അമേരിക്ക.. എൻ്റെ ഏറ്റവും മികച്ചതെല്ലാം ഞാൻ നിനക്കു നൽകി..”. പ്രസംഗം അവസാനിച്ച ഉടൻ ബൈഡൻ്റെ കുടുംബാംഗങ്ങളെല്ലാവരും വേദിയിൽ അദ്ദേഹത്തിനരികിൽ എത്തി. കമല ഹാരിസും അവർക്കൊപ്പം ചേർന്നു. അവർ ബൈഡനെ ആലിംഗനം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.
Tearful Joe Biden Speaks In Democratic Convention