അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്, ഒരു കുടുംബത്തിലെ 5 പേരെ 15 കാരൻ വെടിവെച്ച്‌ കൊന്നു; അറസ്റ്റ്

വാഷിങ്ടണ്‍: വീണ്ടും വെടിവെപ്പിൽ നടുങ്ങി അമേരിക്ക. ഒരു കുടുംബത്തിലെ അഞ്ച് പേരെ 15 കാരനാണ് വെടിവെച്ച്‌ കൊന്നത്. വാഷിങ്ടണില്‍ സിയാറ്റിലിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഫാള്‍ സിറ്റിയില്‍ പുലർച്ചെയാണ് വെടിവെപ്പുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് മുതിർന്നവരും മൂന്ന് കൗമാരക്കാരും ഉള്‍പ്പെടുന്നു. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി.

വെടിവെപ്പ് ഗാർഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയല്‍ക്കാരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച്‌ അഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നതെന്ന് വ്യക്തമായി.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൗമാരക്കാരനായ പ്രതി ഇപ്പോള്‍ കിങ് കൗണ്ടിയിലെ ജുവനൈല്‍ തടങ്കലില്‍ കഴിയുകയാണ്. ഇന്ന് പ്രതിയെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കും.

More Stories from this section

family-dental
witywide