സുരക്ഷ മുഖ്യം ബിഗിലേ ! 7 തവണ മറിഞ്ഞ് ടെസ്ല കാര്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു, സുരക്ഷയിലൂന്നിയ ഡിസൈനെന്ന് മസ്‌ക്

ന്യൂഡല്‍ഹി: ടെസ്ല കാര്‍ വലിയൊരു അപകടത്തില്‍ പെടുകയും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ടെസ്ലയുടെ സിഇഒ എലോണ്‍ മസ്‌ക് തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയതോടെയാണ് ചര്‍ച്ച കൊഴുത്തത്.

ടെസ്ലയുടെ വൈ മോഡല്‍ കാറാണ് വലിയൊരു അപകടത്തില്‍പ്പെട്ട് ഏഴുതവണ മലക്കം മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നു യാത്രികരും ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. പിന്നീട് നടന്നത് കാറിന്റെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. എക്‌സില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടെന്ന് വ്യക്തമാണ്.

‘സുരക്ഷയാണ് ഞങ്ങളുടെ ഡിസൈന്റെ പ്രാഥമിക ലക്ഷ്യം’ എന്നാണ് വീഡിയോ റീ പോസ്റ്റ് ചെയ്തുകൊണ്ട് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് കുറിച്ചത്. തുടര്‍ന്ന് വീഡിയോയ്ക്ക് കമന്റുകളുടെ പ്രളയമായിരുന്നു. ഇതുകൊണ്ടാണ് ഞാന്‍ എന്റെ ഭാര്യക്ക് ടെസ്ല വാങ്ങിയതെന്ന് ഒരാള്‍ കുറിച്ചു. ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും സുരക്ഷിതമായ കാറാണ് എന്നും ഈ കാര്‍ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും അടക്കം നിരവധി പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗത്തിലായിരുന്നെന്നും ഏഴുപ്രാവശ്യം മലക്കം മറിഞ്ഞ കാറില്‍ എങ്ങനെ യാത്രികര്‍ സുരക്ഷിതരായിരുന്നു എന്ന സംശയവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്തായാലും ഈ അപകട ദൃശ്യങ്ങള്‍ എക്‌സില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.