ടെക്‌സാസിൽ അതിവേഗം പടരുന്ന കാട്ടുതീയിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടു തീ താണ്ഡവമാടുന്ന മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലേയും വൈദ്യുതി വിച്ഛേദിച്ചു. പാൻഡെക്സ് ആണവായുധ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവച്ചു.
ടെക്സാസിൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപിടിത്തമാണ് ഇത്, അമറില്ലോ നഗരത്തിന് വടക്ക് 850,000 ഏക്കർ ഭൂമി കത്തിനശിച്ചു. ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് 60 കൗണ്ടികളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉണങ്ങിയ പുല്ലുകളും പൊള്ളുന്ന ചൂടും ശക്തമായ കാറ്റും തീപിടുത്തത്തിന് ആക്കം കൂട്ടി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ഹച്ചിൻസൺ കൗണ്ടിയിൽ, ഒരാൾ മരിച്ചതായി പബ്ലിക് എൻഗേജ്മെൻ്റ് കോർഡിനേറ്റർ ഡീദ്ര തോമസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മരിച്ചയാളുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
കാറ്റിന് നേരിയ കുറവുണ്ടായതിനാൽ തീ പടരുന്നത് നിയന്ത്രിക്കാൻ സഹായിച്ചതായി ടെക്സസ് എ ആൻഡ് എം ഫോറസ്റ്റ് സർവീസ് അറിയിച്ചു. എന്നാലും തീ നിയന്ത്രണ വിധേയമായിട്ടില്ല. വ്യാഴാഴ്ച സംസ്ഥാനത്തിൻ്റെ വടക്കുഭാഗത്ത് മഴ പ്രതീക്ഷിക്കുന്നുണ്ട്.
ദുരന്ത ബാധിത പ്രദേശത്ത്, 4,500-ലധികം വീടുകളും സ്ഥാപനങ്ങളിലും വൈദ്യുതിയില്ല.
അമറില്ലോയിലെ പാൻ്റക്‌സ് ആണവായുധ സൈറ്റിന് വടക്ക് തീ പടർന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാത്രി ജീവനക്കാരെ ഒഴിപ്പിച്ച് കേന്ദ്രം പൂട്ടിയിട്ടു.
സ്‌മോക്ക്‌ഹൗസ് ക്രീക്ക് ഫയർ എന്ന പേരിൽ അറിയപ്പെടുന്ന 2006ലെ കാട്ടുതീ ടെക്സാസിലെ അര ദശലക്ഷം ഏക്കർ സ്ഥലം നശിപ്പിച്ചിരുന്നു.
Texas Battles wild fire disaster