
കോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. മയക്കു വെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ നിർദേശം പാലിച്ച് കൊല്ലാനാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവിട്ടത്.
പാലാട്ട് അബ്രഹാം (അവറാച്ചൻ- 68) ആണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, 50-ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതില്‍ പ്രധാന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
അബ്രഹാമി്നറെ മരണത്തിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് തടഞ്ഞു. കലക്ടറുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. പരുക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.