ദീര്‍ഘകാല ഷെങ്കന്‍ വിസയിലേക്ക് കണ്ണും നട്ട് ഇന്ത്യ, ഇനി എല്ലാം എളുപ്പം

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ദീര്‍ഘകാല ഷെങ്കന്‍ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ലഘൂകരിച്ചു. യുഎസിലേക്ക് 10 വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കിട്ടുന്നതിലും ബുദ്ധിമുട്ടായിരുന്നു ഇതുവരെ അഞ്ച് വര്‍ഷത്തേക്കുള്ള ഷെങ്കന്‍ വിസ കിട്ടാന്‍. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നല്‍കുന്നതിന് യൂറോപ്യന്‍ കമ്മീഷന്‍ ഏപ്രില്‍ 18-ന് പ്രത്യേക നിയമങ്ങള്‍ സ്വീകരിച്ചതായി യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ തിങ്കളാഴ്ച എക്‌സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. യൂറോപ്പിലേക്കുള്ള യാത്ര എളുപ്പമാക്കിയെന്നും ഇന്ത്യയുമായി ആളുകള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ മറ്റൊരു ചുവടുവെപ്പ് നടത്തുന്നുവെന്നുമാണ് ഡെല്‍ഫിന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞത്.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ വിഷയത്തില്‍ എത്തിച്ചേര്‍ന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍.

ഹ്രസ്വകാല ഷെങ്കന്‍ വിസ ലഭിക്കുന്നവര്‍ക്ക് 180 ദിവസ കാലയളവില്‍ തുടര്‍ച്ചയായി 90 ദിവസം വരെയാണ് ഷെങ്കന്‍ മേഖലയിലെ രാജ്യങ്ങളില്‍ താമസിക്കാന്‍ അനുമതി ലഭിക്കുക. 25 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ നാല് യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഷെങ്കന്‍ വിസ ഏരിയ. നാളിതുവരെ ബാധകമായ ഷെങ്കന്‍ വിസ കോഡിന്റെ സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങളേക്കാള്‍ അനുകൂലമാണ് പുതിയ നിയമങ്ങള്‍.

ഇന്ത്യക്കാര്‍ക്കായി വിസ കാസ്‌കേഡ് സ്‌കീമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്നു വര്‍ഷത്തിനിടെ രണ്ടു വട്ടം ഹ്രസ്വകാല വിസിറ്റ് വിസ നേടുകയും നിയമപരമായിത്തന്നെ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യക്കാര്‍ ഇനി രണ്ടു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി ലോങ് ടേം വിസയ്ക്ക് അര്‍ഹരായിരിക്കും. രണ്ടു വര്‍ഷം വിസ ലഭിച്ചവര്‍ക്ക് പാസ്പോര്‍ട്ടിനു മതിയായ സമയത്തേക്ക് സാധുതയുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തേക്കും വിസ അനുവദിക്കും. വിസ-രഹിത യാത്രയ്ക്കു തുല്യമായ സ്വാതന്ത്ര്യത്തോടെ ഈ കാലയളവില്‍ ഷെങ്കന്‍ മേഖലയിലുള്ള ഏതു രാജ്യത്തേക്കും ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം എന്നതും അധിക സന്തോഷം.