കാണാതായി ഏഴുമണിക്കൂറായിട്ടും എന്തുകൊണ്ടാണ് മകളെ ആരും തിരക്കാതിരുന്നത്? സഹപ്രവര്‍ത്തകര്‍ക്കെതിരെ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് മകളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത്. വെള്ളിയാഴ്ച ഡ്യൂട്ടിയിലിരിക്കെ ഏഴു മണിക്കൂറോളം അവളെ ആരും വിളിക്കാത്തതിലെ ആശങ്കയാണ് പിതാവ് പങ്കുവെച്ചത്.

തന്റെ മകള്‍ ഒപി വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്നെന്നും രാവിലെ 8.10 ഓടെ വീട്ടില്‍ നിന്നിറങ്ങിയെന്നും രാത്രി 11.15 ഓടെയാണ് അമ്മയോട് അവസാനമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഭാര്യ മകളെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു, പക്ഷേ അപ്പോഴേക്കും മകള്‍ മരിച്ചിരുന്നു, ഡോക്ടറുടെ പിതാവ് പറഞ്ഞു.

ഡ്യൂട്ടിയിലായിരുന്നിട്ടും പുലര്‍ച്ചെ 3 മുതല്‍ 10 വരെ ആരും അവളെ വിളിക്കാതിരുന്നതും തിരക്കാതിരുന്നതുമാണ് തന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ സംശയത്തിലാണെന്നും പ്രതിഷേധിക്കുന്നവരെ ഞാന്‍ പിന്തുണയ്ക്കുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.