
ശ്രീനഗര്‍: വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് ശനിയാഴ്ച ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആറാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിലൂടെ രാജ്യം കടന്നുപോകവെയാണ് അനിഷ്ടസംഭവമുണ്ടായത്. ഷോപിയാന്‍ ജില്ലയിലെ ഹുര്‍പുര ഗ്രാമത്തിലാണ് മുന്‍ ഗ്രാമമുഖ്യന്‍ ഐജാസ് അഹമ്മദ് ഷെയ്ഖിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനന്ത്‌നാഗിലുണ്ടായ മറ്റൊരു സംഭവത്തിലാണ് രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്കേറ്റത്.