
കൊച്ചി: മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തു വന്നത്. ഇന്നലെ ഫേസ്ബുക്കിലൂടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍ എത്തിയിരുന്നു.
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണെന്നും അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുതെന്നും വിനയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കാലതാമസമുണ്ടായതിന് കാരണം മന്ത്രി ഉള്‍പ്പെടുന്ന 15 അംഗ പവര്‍ ഗ്രൂപ്പാണെന്ന് വിനയന്‍ പറയുന്നു. പല സിനിമാക്കാരും മന്ത്രിമാരും റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുത് എന്നാണ് പറയാനുള്ളതെന്നും സിനിമ കോണ്‍ക്ലേവ് വിളിക്കാനുള്ള സര്‍ക്കാര്‍ നടപടി സ്വീകാര്യമാണെന്നും വിനയന്‍ പ്രതികരിച്ചു. എന്നാല്‍ ഈ കോണ്‍ക്ലേവ് നയിക്കുന്നത് ഈ പവര്‍ ഗ്രൂപ്പാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും വിനയന്‍ പറഞ്ഞു.
സിനിമയിലേക്ക് വരുന്ന പുതിയ തലമുറയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്നും വിനയന്‍ വ്യക്തമാക്കി.
തനിക്ക് വിലക്കുണ്ടായിരുന്ന സമയത്ത് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയോട് തിലകന്‍ ചേട്ടനെ സീരിയല്‍ പോലും ചെയ്യാന്‍ അനുവദിക്കുന്നില്ല, അങ്ങ് ഇടപെടണം എന്ന് പറഞ്ഞപ്പോള്‍, സമയമായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഇപ്പോള്‍ പറയുന്നു ഞാന്‍ ഒറ്റയ്ക്ക് നിന്ന് പോരാടും’, വിനയന്‍ പറയുന്നു. മാത്രമല്ല, 15 അംഗ പവര്‍ ഗ്രൂപ്പിലെ വ്യക്തികളുടെ പേരുകള്‍ വ്യക്തമാക്കാനില്ലെന്നും ‘ഹേമ കമ്മിറ്റി പറയാത്ത പേര് ഞാന്‍ പറഞ്ഞ് കുളമാക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി വിനയന്‍ പറഞ്ഞു.