
ഡെറാഡൂണ്‍: നിയമനിര്‍മ്മാണത്തിനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉത്തരാഖണ്ഡ് നിയമസഭയില്‍ സുപ്രധാനമായ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചു. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ വിളികള്‍ക്കിടയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് ബില്‍ അവതരിപ്പിച്ചത്.
സഭ പാസാക്കിയാല്‍, ഏകീകൃത സിവില്‍ കോഡ് (യുസിസി) അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാകും.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭ ഞായറാഴ്ച ഏകീകൃത സിവില്‍ കോഡ് (യുസിസി) ബില്‍ പാസാക്കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്നായിരുന്നു നീക്കം.
സിവില്‍ നിയമങ്ങളില്‍ ഏകീകൃത രീതി കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ധാമിയുടെ അധ്യക്ഷതയില്‍ ഡെറാഡൂണിലെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പാസാക്കിയത്.
സംസ്ഥാനത്ത് മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും ഏകീകൃത വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങള്‍ എന്നിവയ്ക്ക് നിയമപരമായ ചട്ടക്കൂട് നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.
ബഹുഭാര്യത്വവും ശൈശവ വിവാഹവും സമ്പൂര്‍ണമായി നിരോധിക്കുക, എല്ലാ മതങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് പൊതുവായ വിവാഹ പ്രായം, വിവാഹമോചനത്തിന് സമാനമായ കാരണങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുക തുടങ്ങിയവ ബില്‍ തയ്യാറാക്കിയ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.