
സാന്‍ഫ്രാന്‍സിസ്‌കോ: ലോകപ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്റെ (73) സംസ്‌കാര ചടങ്ങുകള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്നു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ചടങ്ങുകള്‍.
ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവുംമൂലം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സാക്കിര്‍ ഹുസൈനിന്റെ അന്ത്യം. പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാരാഖയുടെ മൂത്ത മകനായി 1951 ല്‍ മുംബൈയില്‍ ജനിച്ച സാക്കിര്‍, പിന്നീട് ലോകമറിയുന്ന കലാകാരനായി വളരുകയായിരുന്നു. അഞ്ചാം വയസ് മുതല്‍ അച്ഛനില്‍ നിന്ന് സംഗീതാഭ്യാസം തുടങ്ങിയ സാക്കിര്‍ ഹുസൈന്‍ 12 വയസ്സിനുള്ളില്‍ രാജ്യത്ത് അങ്ങോളമിങ്ങോളം വേദികളില്‍ താള വിസ്മയം തീര്‍ത്തിരുന്നു.
1988ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും 2023ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. രാജ്യത്ത് സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാര്‍ഡും(1990) അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അഞ്ച് ഗ്രാമി അവാര്‍ഡുകളും നേടിയിട്ടുണ്ട്. സംഗീത പരിപാടികളുമായി ജനുവരിയില്‍ ഇന്ത്യാ ടൂര്‍ നടത്താനിരിക്കെയാണ് തികച്ചും ആകസ്മികമായുള്ള വിടവാങ്ങല്‍.















