
ന്യൂയോര്‍ക്ക്: ശനിയാഴ്ച വൈകുന്നേരം പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ഒരു പ്രചാരണത്തിനിടെ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച തോക്കുധാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പെൻസിൽവാനിയയിലെ ബെഥേൽ പാർക്കിലുള്ള തോമസ് മാത്യു ക്രൂക്‌സിനെ (20) ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി എഫ്ബിഐ അറിയിച്ചു.
ട്രംപിന് വെടിയേറ്റതോടെ സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍മാര്‍ അക്രമിയെ കൊലപ്പെടുത്തുകയും ചെയ്തു. ഇയാളില്‍ നിന്നും എആര്‍-സ്‌റ്റൈല്‍ റൈഫിള്‍ കണ്ടെടുത്തു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ട്രംപിനു നേരെ നടന്നത് വധശ്രമമെന്ന് എഫ്ബിഐ വെളിപ്പെടുത്തിയിരുന്നു.
ആക്രമണത്തില്‍ റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബട്ട്ലര്‍ ഫാം ഷോ ഗ്രൗണ്ടിലെ സ്റ്റേജില്‍ നിന്ന് 130 മീറ്ററിലധികം അകലെയുള്ള ഒരു നിര്‍മ്മാണ പ്ലാന്റിന്റെ മേല്‍ക്കൂരയിൽ കയറിയാണ് ക്രൂക്സ് ഉന്നം പിടിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അക്രമിക്ക് നിരവധി തവണ വെടിവയ്ക്കാന്‍ കഴിഞ്ഞു എന്നത് ആശ്ചര്യപ്പെടുത്തുന്നു എന്നാണ് എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് കെവിന്‍ റോജക് പ്രതികരിച്ചത്.
ആക്രമണത്തിനു പിന്നില്‍ ഇയാള്‍ ഒറ്റയ്ക്കാണോ, അതോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും വരും മണിക്കൂറില്‍ വ്യക്തത വരും.
അതേസമയം, മുറിവ് നിസാരമായതിനാല്‍ ട്രംപ് സുഖമായിരിക്കുന്നുവെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.











