
തിരുവനന്തപുരം: രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് ആരോപണത്തിനപ്പുറം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായത് സംശയാസ്പദമെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ആദായ നികുതി വകുപ്പിലെ അഡീ. ഡയറക്ടറായിരുന്നു ആര്‍ മോഹനാണ് ഷോണ്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥന്‍. ഇദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഓഫീസറാണ്.
ഈ ഉദ്യോഗസ്ഥന്റെ മുന്‍ കാല ഇടപടലുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. ഇതേ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മന്ത്രിസഭാ കാലത്തും അംഗമായിരുന്നു.
പ്രതിപക്ഷം ഇതുവരെ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നടത്തുന്നില്ലെന്നും കോടിക്കണക്കിന് രൂപയാണ് ഇവിടെ നിന്ന് കൊള്ളയടിച്ച് വിദേശത്തേക്ക് കടത്തുന്നതെന്നും അതെല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും ഷോണ്‍ പറഞ്ഞു.
സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്നൊരു കമ്പനി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് അടച്ചുപൂട്ടി. ‘അന്വേഷിക്കുമ്പോള്‍ അങ്ങനെയൊരു സ്ഥാപനം ഇല്ലെന്നാണ്’ റിപ്പോര്‍ട്ട്. എന്നാല്‍ അങ്ങനെയൊരു സ്ഥാപനം ഉണ്ടായിരുന്നില്ലെന്ന് പറയാന്‍ കഴിയുമോ? എക്സാലോജിക് എന്ന സ്ഥാപനം ഇപ്പോള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും സര്‍ക്കാരിന്റെ മറുപടിയെന്നും ഷോണ്‍ ചോദിച്ചു.