റിപ്പബ്ളിക്കൻ പാർട്ടിയുടെ ദേശീയ കൺവൻഷന് ഇന്ന് തുടക്കം, മിൽവോക്കി ഒരുങ്ങി, ട്രംപ് എത്തി

വിസ്കോൺസിൻ: റിപ്പബ്ളിക്കൻ പാർട്ടിയുടെ ദേശീയ കൺവൻഷനു ഇന്നു തുടക്കം. ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകാൻ തയ്യാറെടുക്കുന്ന മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനു നേരെ ശനിയാഴ്ചയുണ്ടായ വധശ്രമവും അതിനെ തുടർന്നുള്ള വിവാദങ്ങളും കൊടുംപിരികൊണ്ടിരിക്കെയാണ് പ്രതിനിധികളും ഉദ്യോഗസ്ഥരും വിസ്കോൺസിനിലെ മിൽവോക്കിയിൽ എത്തിയിരിക്കുന്നത്. ട്രംപും മകനും ഇന്നലെ തന്നെ ഇവിടെ എത്തിച്ചേർന്നിരുന്നു.

കൺവെൻഷൻ ഇന്ന് ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കും. ഇന്ന് ഉച്ച കഴിഞ്ഞാണ് ഔദ്യോഗിക ഉദ്ഘാടനം . ഉച്ചകഴിഞ്ഞുള്ള സെഷനിൽ വച്ച് പരിപാടിയുടെ നടപടിക്രമം വിശദീകരിക്കും. പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല. ഡെലഗേറ്റുകൾ, ഉദ്യോഗസ്ഥർ,വൊളൻ്റിയർമാർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. കർശന സുരക്ഷാ പരിശോധകൾ കഴിഞ്ഞായിരിക്കും പ്രവേശനം. YouTube, X എന്നിവയുൾപ്പെടെ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുടനീളം പരിപാടികൾ തത്സമയ സ്ട്രീം ചെയ്യും. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് നിരവധി മാധ്യമപ്രവർത്തകർ പരിപാടി റിപ്പോർട്ട് ചെയ്യാനായി എത്തിക്കഴിഞ്ഞു.

വ്യാഴാഴ്ച ആയിരിക്കും ട്രംപിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ബുധനാഴ്ചയായിരിക്കും വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കുക. അന്ന് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ പ്രസംഗം ഉണ്ടായിരിക്കും.

സമ്പദ് വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യം, ദേശീയ സുരക്ഷ, എന്നിങ്ങനെ ഓരോ രാത്രിയിലെ പ്രസംഗങ്ങൾക്കും ഓരോ വിഷയങ്ങൾ ഉണ്ട്. എന്നാൽ പ്രസംഗകൻ്റെ പേര് പരിപാടിക്ക് തൊട്ടു മുൻപ് മാത്രമേ അറിയാൻ കഴിയൂ..

മിൽവാക്കി ഡൗൺ ടൌണിലെ ഫിസെർവ് ഫോറത്തിലാണ് റിപ്പബ്ലിക്കൻ സമ്മേളനം. പാന്തർ അരീന , ബെയർഡ് സെൻ്റർ തുടങ്ങിയ ഇടങ്ങളിൽ മീഡിയ സെൻ്റർ ഉൾപ്പെടെയുള്ള സൌകര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് വിസ്കോൺസിൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡനായിരുന്നു മുൻതൂക്കം. ഇത്തവണയും ഡെമോക്രാറ്റുകൾ വിജയ പ്രതീക്ഷ വച്ചു പുലർത്തുന്ന സംസ്ഥാനമാണിത് . അതിനാൽ തന്നെയാണ് ട്രംപിന്റെ പാർട്ടി ഈ സ്ഥലം സമ്മേളനത്തിന് തെരഞ്ഞെടുത്തതും.

the republican national convention to kicks off today

More Stories from this section

family-dental
witywide