അമേരിക്കന്‍ മലയാളി കൂട്ടായ്മ അണിയിച്ചൊരുക്കിയ ‘ഋതു’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

സ്വപ്‌നങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും ലോകത്ത്, പ്രതിസന്ധിയിലായ തിരക്കഥാകൃത്തായ വിനോദ് റൈറ്റേഴ്സ് ബ്ലോക്കില്‍ ഉഴലുകയാണ്. പ്രചോദനം തേടി അവന്‍ നിസ്സഹായനായി അലയുന്നു. ആ സമയത്ത് അപ്രതീക്ഷിതമായ അവള്‍ അവനെ തേടിവരുന്നു – ഋതു, അവന് ആശ്വാസവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്ന, എവിടെയോ ഉപേക്ഷിച്ചു പോന്ന ഓര്‍മ്മകളിലേക്ക് അവനെ മടക്കിക്കൊണ്ടു പോകുന്ന ഋതു എന്ന കൂട്ടുകാരി.

സൗത്ത് ഫ്‌ലോറിഡയിലെ മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഋതു എന്ന പുതിയ ഷോര്‍ട്ഫിലിം വിനോദും ഋതുവും തമ്മിലുള്ള സംഭാഷങ്ങളിലൂടെയാണ് കഥ തേടുന്നത്. പൂര്‍ണ്ണമായും സൗത്ത് ഫ്‌ലോറിഡയില്‍ ചിത്രീകരിച്ച പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഋതു മേക്കിംഗ് കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധ നേടുകയാണ്.

കഥാഫാക്ടറി ഒറിജിനല്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിജിത് വി ആണ്. പാ.വ, പ്രേതം, അയ്യര്‍ ഇന്‍ അറേബ്യാ തുടങ്ങിയ സിനിമകളിലൂടെ പ്രസിദ്ധനായ ആനന്ദ് മധുസൂദനന്‍ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് വസന്തഗോപാലന്‍ എഡിറ്റിംഗും, സൗത്ത് ഫ്ലോറിഡയില്‍ നിന്നുള്ള ബിജു ഗോവിന്ദന്‍കുട്ടി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. മില്‍വോക്കിയില്‍ നിന്നുള്ള രമേഷ്‌കുമാറാണ് സൗണ്ട് മിക്‌സിംഗ് ചെയ്തിരിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് മുന്നേ കംപോസ് ചെയ്ത ‘പുതുമഴയില്‍ ‘എന്ന പാട്ട് ഈ ചെറുസിനിമയുടെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഷാര്‍ലറ്റില്‍ നിന്നുള്ള സന്ദീപ് ഈണമിട്ട ഗാനം വരികളെഴുതിയത് സിജിത് വി യും ആലപിച്ചിരിക്കുന്നത് ഷാര്‍ലറ്റില്‍ നിന്നുള്ള നയന പ്രകാശുമാണ്.

ആനന്ദ്‌ലാല്‍ രാധാകൃഷ്ണന്‍ വിനോദ് എന്ന കഥാപാത്രമായിട്ടും, ശരണ്യ ദീപേഷ് ഋതുവായിട്ടും, ആദ്യ അജിത് ദയ എന്ന കഥാപാത്രമായിട്ടും അഭിനയിച്ചിരിക്കുന്നു. അഞ്ജന സിജിത്, ദീപേഷ് പികെ എന്നിവരാണ് സഹസംവിധായകര്‍.