
വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയ ആസ്ഥാനമായുള്ള സ്ത്രീകള്‍ക്കായുള്ള ഒരു സ്വകാര്യ ലിബറല്‍ ആര്‍ട്‌സ് കോളേജായ സ്വീറ്റ് ബ്രിയാര്‍ കോളേജിന്റെ ഒരു തീരുമാനം ചര്‍ച്ചയ്ക്ക് വഴിമരുന്നിടുന്നു. ഈ അധ്യയന വര്‍ഷത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളെ കാമ്പസില്‍ ചേരാന്‍ അനുവദിക്കില്ലെന്നാണ് അഡ്മിഷന്‍ സംബന്ധിച്ച കോളേജിന്റെ പുതിയ നയം. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഈ തീരുമാനത്തിലൂടെ, സമാനമായ നിലപാടുകള്‍ സ്വീകരിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മറ്റ് വനിതാ കോളേജുകള്‍ക്കൊപ്പം ചേരുകയാണ് സ്വീറ്റ് ബ്രിയര്‍ കോളേജും. 1900-ല്‍ അന്തരിച്ച, സ്ഥാപക ഇന്ത്യാന ഫ്‌ലെച്ചര്‍ വില്യംസിന്റെ ആഗ്രഹത്തെയാണ് ഈ നയം പ്രതിഫലിപ്പിക്കുന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ‘പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും’ സേവനം നല്‍കാന്‍ വില്യംസിന്റെ വില്‍പത്രം സ്ഥാപനത്തെ നിര്‍ബന്ധിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സ്വീറ്റ് ബ്രയര്‍ പ്രസിഡന്റ് മേരി പോപ്പ് ഹട്ട്സണും ബോര്‍ഡിന്റെ ചെയര്‍മാനും കോളേജ് കമ്മ്യൂണിറ്റിക്ക് അയച്ച കത്തില്‍ പുതിയ നയം പ്രകാരം ജനനസമയത്ത് അപേക്ഷകര്‍ പെണ്‍കുട്ടിതന്നെയായിരിക്കണമെന്നും എന്നും സ്ത്രീയായി ജീവിക്കുകയും അങ്ങനെതന്നെ അറിയപ്പെടുകയും വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.