
എ.എസ് ശ്രീകുമാര്‍
ന്യൂയോര്‍ക്ക്: തന്റെ സസൂക്ഷ്മവും നിതാന്തവുമായ പരിശ്രമത്തിലൂടെ ഫോമായെ മില്യണ്‍ ഡോളറില്‍ അധികം വരുമാനമുള്ള പ്രസ്ഥാനമാക്കി ഉയര്‍ത്തിയ മുന്‍ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന പൊതു വികാരം ശക്തമായിരിക്കുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ വിവധ പടവുകള്‍ താണ്ടി ഫോമായുടെ തുടക്കം മുതല്‍ വിവിധ തലങ്ങളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച് ഈ മഹാസംഘടനയ്ക്ക് സാമ്പത്തിക അച്ചടക്കവും, സുതാര്യതയും നേടിക്കൊടുത്ത പൊതുപ്രവര്‍ത്തകനാണ് തോമസ് ടി ഉമ്മന്‍.

കാര്യക്ഷമതയുള്ള മുതിര്‍ന്ന നേതാവും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വ്യക്തിത്വവുമായ തോമസ് ടി ഉമ്മന് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ എന്താണ് യോഗ്യത എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുത്തരം അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തന നേട്ടങ്ങളും ഇളക്കംതട്ടാത്ത ജനസമ്മതിയും തന്നെ. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശേഷം 1975-ല്‍ ന്യൂയോര്‍ക്കില്‍ എത്തി. അന്ന് അമേരിക്കയില്‍ എത്തുന്ന തുടക്കക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തുകൊണ്ടായിരുന്നു പൊതുപ്രവര്‍ത്തനങ്ങളുടെ ഹരീശ്രീ കുറിക്കല്‍.

ലോങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ച ഇദ്ദേഹം സംഘടനയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം വിജയകരമായ പരിപാടികളിലൂന്നി പ്രവര്‍ത്തിച്ചു. മലയാളമറിയാത്ത കുട്ടികള്‍ക്ക് പബ്‌ളിക് ലൈബ്രറിയില്‍ മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സംഘടനകളുടെ അമരക്കാരനായി. ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ബിസിനസ് ഓഫീസറായി 40 കൊല്ലം സേവനമനുഷ്ഠിച്ചു.

ഫോമായുടെ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാന്‍ പദം അലങ്കരിച്ച തോമസ് ടി ഉമ്മന്‍ ഓ.സി.ഐ കാര്‍ഡ്, പാസ്പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. 2018-2020 കാലയളവില്‍ ഫോമാ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി. കാന്‍കൂണിലെ ഫോമായുടെ ഏഴാമത് കണ്‍വന്‍ഷന്‍ ചരിത്രവിജയമാക്കുന്നതില്‍ തോമസ് ടി ഉമ്മന്റെ സാമ്പത്തിക മാനേജ്മെന്റ് നിര്‍ണായക പങ്ക് വഹിച്ചു.

തോമസ് ടി ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള പാനലിലെ എല്ലാവരും നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ്. സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന്‍ (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍), എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ കുടുംബാംഗമായ തോമസ് ടി ഉമ്മന്‍ 1964 കാലഘട്ടത്തില്‍ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടില്‍ ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.

തിരുവല്ല, കവിയൂര്‍ സ്വദേശിനിയായ സാറാമ്മയെന്ന ലിസിയാണ് ഭാര്യ. സ്പീച്ച് പതോളജിസ്റ്റും അധ്യാപികയുമായ ലീനയാണ് മകള്‍. മിലിറ്ററി സര്‍വീസില്‍ നിന്നും വിരമിച്ച് ബാങ്കിങ് ഫൈനാന്‍സ് രംഗത്ത് സൈബര്‍ സെക്യൂരിറ്റി ചീഫായി ജോലി ചെയ്യുന്ന ജസ്റ്റിന്‍ ടി ഉമ്മന്‍ മകനാണ്. ഫ്ളോറിഡയിലെ പേരെടുത്ത അറ്റോര്‍ണി സഞ്ജയ് കുര്യന്‍, സൈക്കോളജിസ്റ്റായ റ്റാമി എന്നിവര്‍ മരുക്കള്‍. ആറ് പേരക്കുട്ടികളുണ്ട്.

അമേരിക്കന്‍ മലയാളികളുടെ സ്വപ്‌നകുടിയേറ്റ തീരത്ത് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കര്‍മ്മകാണ്ഡം വിതാനിച്ച കൂട്ടായ്മകള്‍ക്ക് എന്നും എക്കാലവും ദീപശിഖയേന്തിയ ഫോമായുടെ പുതു ഭരണസമിതിയിലേക്ക് സംഘാടക മികവിന്റെ പര്യായമായി നിലകൊള്ളുന്ന തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം അംഗസംഘടനകളുടെയും റീജിയനുകളുടെയും അമേരിക്കന്‍ മലയാളി പൊതുസമൂഹത്തിന്റെയും ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ മനസാ വരിച്ചുകൊണ്ട് സ്വപ്‌നസമാനമായ 12 ഇന പരിപാടികളുമായി മുന്നേറുകയാണ്.