
വടകര: പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ സജിലേഷെന്ന് പൊലീസ് അറിയിച്ചു.
ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് എത്തിച്ച ബാബുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ബാബുവിനെ ചോദ്യം ചെയ്തതിലാണ് സജിലേഷ്, ജിജോഷ് എന്നിവരുടെ പങ്ക് വ്യക്തമായത്. ഇതോടെയാണ് മൂന്ന് പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മൂന്ന് കിലോ വെടിമരുന്ന് മടപ്പള്ളിയില്‍ നടത്തിയ പരിശോധനയിൽ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.പാനൂരില്‍ നിര്‍മാണത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടതാണ് കേസിന് ആധാരം. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്റ്റീല്‍ ബോംബുകളടക്കം കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്.
Three more people arrested for Panur Bomb Blast case