
തൃശ്ശൂര്‍: അപകടകാരികളായ ആനകളെ ഏപ്രില്‍ 17 മുതല്‍ 20 വരെ തൃശൂര്‍ പൂരം നടക്കുന്ന നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവ്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് ഷഫീക്കാണ് ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവിറക്കിയിരിക്കുന്നത്.
പൂരം സംഘാടകര്‍, ആനയുടമകള്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്കും നിരോധനമുണ്ട്.
തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനിടയില്‍ തീവെട്ടി, ചെണ്ടമേളം ഉള്‍പ്പെടെ ഒന്നും ഉണ്ടാവാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.