
പാപുവ ന്യൂ ഗിനിയ: ഓഷ്യാനിയയിലെ ഒരു രാജ്യമായ പാപുവ ന്യൂ ഗിനിയയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഗോത്രവര്‍ഗക്കാരുടെ അക്രമത്തില്‍ 53 പേര്‍ ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമം നടന്ന പ്രദേശങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും സൈനികരും ചേര്‍ന്ന് 53 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് കമ്മീഷണര്‍ ഡേവിഡ് മാനിംഗ് പറഞ്ഞു.
തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന് 600 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വബാഗ് പട്ടണത്തിന് സമീപമാണ് അക്രമം നടന്നത്. ഇവിടെ നിന്നാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും പ്രദേശത്ത് കനത്ത വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും പോലീസ് പറഞ്ഞു. സിക്കിന്‍, കെയ്കിന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നും പൊലീസ് കരുതുന്നു.
പാപ്പുവ ന്യൂ ഗിനിയയില്‍ ഹൈലാന്‍ഡ് വംശജര്‍ നൂറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്നവരാണ്, എന്നാല്‍ തോക്കുപോലുള്ള ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ ഏറ്റുമുട്ടലുകള്‍ കൂടുതല്‍ മാരകമാകുകയും അക്രമത്തിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അക്രമം നിയന്ത്രിക്കാന്‍ പാപുവ ന്യൂ ഗിനിയ സര്‍ക്കാര്‍ മധ്യസ്ഥതയും ചര്‍ച്ചയും, പൊതുമാപ്പും ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍ പരീക്ഷിച്ചെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.
ഗര്‍ഭിണികളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ ആക്രമിക്കപ്പെടുന്നത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങള്‍ പലപ്പോഴും ഏറ്റവും ക്രൂരമായാണ് നടത്തുന്നത്. ഇരകളെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയോ, കത്തിക്കുകയോ, വികൃതമാക്കുകയോ, പീഡിപ്പിക്കുകയോ ചെയ്യുന്നതാണ് കൊലപാതക രീതി.
ഗോത്രവര്‍ഗക്കാരുടെ കൈകളില്‍ എത്തുന്ന ആയുധങ്ങളില്‍ ചിലത് പോലീസ് സേനയില്‍ നിന്ന് വന്നതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും സേനയുടെ കമ്മീഷണര്‍ രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി ജെയിംസ് മറാപ്പെയുടെ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.















