
ഞാൻ ഫാഷിസ്റ്റല്ല, നാസിയുടെ വിപരീതമാണ് ഞാൻ . തിങ്കളാഴ്ച ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപ് അനുയായികളോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച , മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന തൻ്റെ വിവാദ റാലിയെ പലരും അതേ വേദിയിൽ 1939ൽ നടന്ന ഒരു നാസി അനുകൂല സമ്മേളനവുമായി താരതമ്യപ്പെടുത്തിയതിനെ വിമർശിക്കുകയായിരുന്നു ട്രംപ്
തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നവരെ കമലാ ഹാരിസ് നാസികൾ എന്ന് വിളിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. “അവർക്ക് വോട്ട് ചെയ്യാത്തവർ നാസികളാണെന്നതാണ് കമലയുടെയും ഏറ്റവും പുതിയ വാദം,” ട്രംപ് ജോർജിയയിലെ റാലിയിൽ അനുയായികളോട് പറഞ്ഞു. എന്നാൽ കമല ഹാരിസ് ഇത്തരത്തിൽ ഒരിക്കലും പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെ ട്രംപ് കമലയ്ക്ക് എതിരെ ഇല്ലാക്കഥകളുണ്ടാക്കി അനുയായിയകളെ ആവേശഭരിതരാക്കാൻ ശ്രമിക്കുകയായിരുന്നു.
ട്രംപ് പ്രസിഡൻ്റായിരിക്കെ, അഡോൾഫ് ഹിറ്റ്‌ലറുടെ നാസി ജനറലുകളെ പ്രശംസിച്ചിരുന്നതായി അറ്റ്ലാൻ്റിക് റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിൻ്റെ 2017 മുതൽ 2019 വരെയുള്ള ചീഫ് ഓഫ് സ്റ്റാഫ് റിട്ടയേർഡ് മറൈൻ ജനറൽ ജോൺ കെല്ലി ഇതു സാധൂകരിക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
ഈ റിപ്പോർട്ടുകളെ തുടർന്ന് കമലാ ഹാരിസ് ട്രംപിനെ ഫാഷിസ്റ്റ് എന്നു വിശേഷിപ്പിച്ചിരുന്നു. തനിക്കു മാത്രമല്ല, ട്രംപിനെ നല്ലവണ്ണം അറിയുന്നവരെല്ലാം എല്ലാം അദ്ദേഹം ഒരു ഫാഷിസ്റ്റ് ആണെന്നു പറയും എന്ന് കമല പറഞ്ഞിരുന്നു.
അതിനുള്ള മറുപടിയാണ് തിങ്കളാഴ്ച രാത്രി ജോർജിയയിൽ വച്ച് ട്രംപ് അനുയായികളോട് പറഞ്ഞത്. ആളുകളെ ഒരിക്കലും നാസി, ഹിറ്റ്‌ലർ എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് തൻ്റെ പിതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഈ രണ്ടു വാക്കുകളും ഡെമോക്രാറ്റുകൾ ഉപയോഗിക്കുന്നു. “ഞാൻ നാസിയല്ല, കമലയാണ് ഫാഷിസ്റ്റ്..”
മാഡിസൺ സ്‌ക്വയർ ഗാർഡനിലെ ട്രംപിൻ്റെ ഞായറാഴ്ച റാലിയുടെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാണ് ഹാരിസിനെതിരായ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
Trump calls Kamala A Fascist