
ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ചയില്‍ താഴെ മാത്രം ശേഷിക്കെ, ന്യൂയോര്‍ക്ക് ടൈംസും സിയാന കോളേജും നടത്തിയ അന്തിമ ദേശീയ വോട്ടെടുപ്പ് സര്‍വ്വേ പ്രകാരം വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പോപ്പുലര്‍ വോട്ടില്‍ 48 ശതമാനവുമായി ഒപ്പത്തിനൊപ്പമാണ്.
തെരഞ്ഞെടുപ്പിന് രണ്ടാഴ്ചയില്‍ താഴെ മാത്രം ദിവസങ്ങളുള്ളപ്പോള്‍ ഈ സര്‍വ്വേഫലങ്ങള്‍ കമലാ ഹാരിസിന് പ്രോത്സാഹജനകമല്ലെന്നും യുഎസിലുടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം വോട്ട് ചെയ്തുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
യുഎസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമിനായും, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയത്. നവംബര്‍ 5 നാണ് യുഎസില്‍ തിരഞ്ഞെടുപ്പ് നടക്കുക.
സമീപകാല തെരഞ്ഞെടുപ്പുകളുടെ ചില ചരിത്രം പരിശോധിക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് ജനകീയ വോട്ടില്‍ മുന്‍തൂക്കമുണ്ടായിട്ടും ഇലക്ടറല്‍ കോളേജിന്റെ പിന്തുണയും വൈറ്റ് ഹൗസും നഷ്ടപ്പെട്ടിരുന്നുവെന്നത് കമലയുടെ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്ന സംവാദങ്ങളില്‍ പങ്കെടുത്തു. ട്രംപിനെതിരെ രണ്ട് വധശ്രമങ്ങള്‍ നടന്നു. ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലായി ഡസന്‍ കണക്കിന് റാലികള്‍ നടത്തി. ഇവയെല്ലാം പിന്നിട്ട്, രാഷ്ട്രീയ നീക്കങ്ങളെല്ലാം ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തുകയും ചെയ്തു.
ബൈഡന്‍ പിന്മാറിയതിനു പിന്നാലെ പോര്‍ക്കളത്തിലേക്ക് ഇറങ്ങിയ കമലാ ഹാരിസിന് ഡോണള്‍ഡ് ട്രംപിനേക്കാള്‍ നേരിയ ലീഡ് ഉണ്ടാക്കിയെടുക്കാന്‍ പലപ്പോഴും കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ടൈംസിന്റെ ദേശീയ പോളിംഗ് ശരാശരി കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വോട്ടെടുപ്പുകളില്‍ ഒരു കടുപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന ഘട്ടത്തിലെത്തിയ സര്‍വ്വേഫലങ്ങള്‍ ട്രംപിനെ അനുകൂലിക്കുമ്പോള്‍ കമലയ്ക്ക് നെഞ്ചിടിപ്പ് ഏറുന്നുമുണ്ട്.