
വാഷിംഗ്ടണ്‍: ഗൂഗിളിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൂടിയായ ട്രംപിന്റെ വാര്‍ത്തകളും ഫോട്ടോകളും സെന്‍സര്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഗൂഗിളിനെ കടന്നാക്രമിച്ചത്.
‘ഗൂഗിള്‍ വളരെ മോശമാണ്. അവര്‍ വളരെ നിരുത്തരവാദപരമായാണ് പെരുമാറിയത്, ഗൂഗിള്‍ അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് എനിക്ക് തോന്നുന്നു, ഗൂഗിള്‍ ജാഗ്രത പാലിക്കണം’, എന്നടക്കമുള്ള ആഭിപ്രായമാണ് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്
അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിയില്‍വെച്ചാണ് ട്രംപിനെതിരെ വധശ്രമം ഉണ്ടായത്. സംഭവം നിമിഷനേരം കൊണ്ടാണ് ലോകത്താകെ ചര്‍ച്ചയായത്. എന്നാല്‍ പിന്നീട് ഈ വധശ്രമവുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ തിരഞ്ഞവര്‍ക്ക് കൃത്യമായ സേര്‍ച്ച് റിസള്‍ട്ട് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ ഗൂഗിളിനെതിരെ രംഗത്തുവന്നിരുന്നു. ഗൂഗിള്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും കമലാ ഹാരിസിനെ സഹായിക്കുന്ന നിലപാടാണെന്നും ചൂണ്ടിക്കാട്ടി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും വിമര്‍നം ഉന്നയിച്ചിരുന്നു. ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ഉള്‍പ്പെടെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
ട്രംപുമായി ബന്ധപ്പെട്ട വധശ്രമം പരാജയപ്പെട്ടതിന്റെ ചിത്രങ്ങളോ മറ്റെന്തെങ്കിലുമോ കണ്ടെത്തുന്നത് ഫലത്തില്‍ അസാധ്യമാണെന്ന് ഈ ആഴ്ച ആദ്യം ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഓട്ടോകംപ്ലീറ്റ് ഫീച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗൂഗിള്‍ പറഞ്ഞു. മാത്രമല്ല, രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട ബില്‍റ്റ്-ഇന്‍ പരിരക്ഷകള്‍ ഉള്ളതിനാലാണിങ്ങനെസംഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗൂഗിള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗൂഗിളിന്റെ വിശദീകരണം തള്ളി നിരവധിപേര്‍ എത്തിയിരുന്നു.












