വാഷിംഗ്ടണ്‍: നാറ്റോയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി മാത്യു വിറ്റേക്കറെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ച് നിയുക്ത പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ‘ശക്തനായ യോദ്ധാവും വിശ്വസ്തനുമായ ദേശസ്നേഹി’ യുമാണ് മാത്യു വിറ്റേക്കറെന്ന് ട്രംപ് പറഞ്ഞു.യു എസ് താല്‍പ്പര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിറ്റേക്കറിന്റെ കഴിവുകളില്‍ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് അയോവയില്‍ നിന്നുള്ള മുൻ ആക്ടിംഗ് അറ്റോർണി ജനറല്‍ മാത്യു ജി വിറ്റേക്കർ നാറ്റോയുടെ യുണൈറ്റഡ് സ്റ്റേറ്റ് അംബാസഡറായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും വിറ്റേക്കർ തങ്ങളുടെ നാറ്റോ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിറ്റക്കറുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
മുൻ ആക്ടിംഗ് അറ്റോർണി ജനറലായിരുന്ന മാത്യു വിറ്റേക്കറിന് നിയമത്തിലും പൊതുസേവനത്തിലും ശ്രദ്ധേയമായ പശ്ചാത്തലമുണ്ട്. ട്രംപിൻ്റെ ആദ്യ ഭരണത്തില്‍ നവംബർ 2018 മുതല്‍ ഫെബ്രുവരി 2019 വരെ സേവനമനുഷ്ഠിച്ച വിറ്റേക്കർ, അന്നത്തെ അറ്റോർണി ജനറല്‍ ജെഫ് സെഷൻസിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
2004 മുതല്‍ 2009 വരെ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ കാലത്ത് അയോവയിലെ സതേണ്‍ ഡിസ്ട്രിക്റ്റിൻ്റെ അറ്റോർണി ആയിരുന്നു. അയോവയിലെ സതേണ്‍ ഡിസ്ട്രിക്റ്റിൻ്റെ യുഎസ് അറ്റോർണി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ കാലാവധിയും അയോവ സർവകലാശാലയില്‍ നിന്നുള്ള വിദ്യാഭ്യാസ യോഗ്യതകളും ചൂണ്ടിക്കാട്ടി വിറ്റേക്കറുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ നേട്ടങ്ങളും ട്രംപ് ഉയർത്തിക്കാട്ടി.














