
ന്യൂഡൽഹി: സിദ്ദിഖിൻ്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച റിപ്പോർട്ടിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിശ്രുത ഹോളിവുഡ് സംവിധായകൻ ഹാർവി വെയ്ൻസ്റ്റീൻ എന്നിവരെ കുറിച്ചും പരാമർശം.
ബലാത്സംഗ കേസിൽ ഇര പരാതികൊടുക്കാൻ വൈകിയത് സംബന്ധിച്ച് , സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നു. 2016ൽ നടന്ന സംഭവം വിവാദമായിട്ടും പരാതി നൽകുന്നതിൽ നിന്ന് പരാതിക്കാരിയെ തടഞ്ഞത് എന്താണെന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്യാൻ 21 വർഷമെടുത്തെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേരള സർക്കാർ ചൂണ്ടിക്കാട്ടി.
2016 ജനുവരി 28ന് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിക്കാരിയുടെ ആരോപണം ചൊവ്വാഴ്ചയാണ് സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ട് സമർപ്പിച്ചത്.
1996ൽ നടന്ന ഒരു സംഭവത്തിൻ്റെ പേരിൽ ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് 2017ൽ പരാതി നൽകിയിരുന്നു. അതുപോലെ 2018ൽ അമേരിക്കൻ ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ 30 വർഷം മുമ്പുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം സ്ത്രീകൾ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിലെ കാലതാമസം വ്യക്തമാക്കുന്നതിനാണ് കേരള സർക്കാരിൽ നിന്നുള്ള റിപ്പോർട്ട് ഇത്തരം ഉദാഹരണങ്ങൾ പരാമർശിക്കുന്നത്.
പരാതി നൽകാനുള്ള കാലതാമസം ഒരു കേസ് തള്ളാനുള്ള കാരണം മാത്രമായിരിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Trump, Weinstein cases cited by Kerala gov in Actor Siddique case in Supreme Court