യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നീക്കം

വാഷിംഗ്ടണ്‍: യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വ്യക്തമായ സൂചന നല്‍കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ എന്ന പരിപാടിയിലാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. യുഎസില്‍ മതിയായ രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിനോടൊപ്പമാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.

പ്രസിഡന്റായതിനു ശേഷം രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും നാടുകടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ അത് ചെയ്യണം’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഞങ്ങള്‍ കുറ്റവാളികളില്‍ നിന്നാണ് ആരംഭിക്കുന്നത്, ഞങ്ങള്‍ അത് ചെയ്യണം എന്നും ട്രംപ് വിശദീകരിച്ചു. ഞങ്ങള്‍ക്ക് കഴിയുമെങ്കില്‍, എക്‌സിക്യൂട്ടീവ് നടപടിയിലൂടെ, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല ഈ നയത്തെ ”പരിഹാസ്യം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ, അതിര്‍ത്തിക്കുള്ളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വം നല്‍കുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ വാദം. തന്റെ ആദ്യ ടേമിലും ഈ വിഷയം ഉന്നയിച്ചെങ്കിലും കാര്യമായൊന്നും നടന്നില്ല. ഇത് എല്ലാ രാജ്യങ്ങളുടെയും രീതിയല്ല, ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഒരു അമേരിക്കന്‍ പൗരനാകുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ വേണമെന്നും ട്രംപും അദ്ദേഹത്തിന്റെ അനുയായികളും വാദിക്കുന്നു. ഇത്തരത്തില്‍ പൗരത്വം നേടിയ ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധിപേരുടെ അമേരിക്കയിലെ ഭാവി തുലാസിലാണ്.

ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം ഭരണഘടനയുടെ 14-ാം ഭേദഗതിയെ അടിസ്ഥാനമാക്കിയുള്ളതും യുഎസ് നിയമത്തിന് കീഴില്‍ നന്നായി സ്ഥാപിതമായതുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ചവരോ പ്രകൃതിവല്‍ക്കരിക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും, അതിന്റെ അധികാരപരിധിക്ക് വിധേയമായി, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ്. അതുകൊണ്ടുതന്നെ ട്രംപ് പറയുന്നതുപോലെയുള്ള മാറ്റം നിയമപരമായ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും.

ഗര്‍ഭിണികള്‍ യുഎസിലേക്ക് പ്രത്യേകമായി പ്രവേശിക്കുന്ന ‘ബര്‍ത്ത് ടൂറിസം’ പോലുള്ളവ വര്‍ദ്ധിക്കുന്നുവെന്നും, കുട്ടികളുമായി അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നുവെന്നും ഈ നയത്തിന്റെ പോരായ്മയായി ട്രംപും മറ്റ് എതിരാളികളുംചൂണ്ടിക്കാട്ടുന്നുണ്ട്.

ജന്മാവകാശ പൗരത്വം നീക്കം ചെയ്യുന്നത് എല്ലാവരേയും ബാധിക്കുമെന്നും അമേരിക്കന്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ പൗരത്വം തെളിയിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ 2011 ലെ ഫാക്ട്ഷീറ്റ് വ്യക്തമാക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റുകള്‍ പൗരത്വത്തിന്റെ തെളിവാണ്. ജനനാവകാശ പൗരത്വം ഇല്ലാതാക്കിയാല്‍, യുഎസ് പൗരന്മാര്‍ക്ക് അവരുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാന്‍ കഴിയില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും രേഖകളില്ലാത്തവരുമായ ‘ഡ്രീമര്‍’മാരെ നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകളുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide