സ്വര്‍ണം പണയം വെച്ച് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി, തീയതി അടക്കം മൊഴി നല്‍കി ടി.വി. പ്രശാന്ത്

കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വീണ്ടും പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ ടി.വി. പ്രശാന്ത്. സ്വര്‍ണം പണയം വച്ചാണ് താന്‍ പണം നല്‍കിയതെന്നാണ് പ്രശാന്ത് പറയുന്നത്. ആറാം തീയതി ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് പണം കൈമാറിയതെന്നും പ്രശാന്ത് പൊലീസിനു മൊഴി നല്‍കി. രേഖകളും ഹാജരാക്കിയതായി സൂചനയുണ്ട്.

തന്റെ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി. നവീന്റെ യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കിയത്.

ഇലക്ട്രീഷ്യനായ പ്രശാന്തിന് ഒരു കോടിയിലേറെ രൂപ മുതല്‍മുടക്ക് ആവശ്യമായ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്നാണെന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. മാത്രമല്ല, ആരോഗ്യവകുപ്പ് പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.