പ്രവാസി ഇന്ത്യക്കാര്‍ എറ്റവും അധികം അമേരിക്കയില്‍; തൊട്ടു പിന്നാലെ ഈ 19 രാജ്യങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് ഇന്ത്യയിലാണ്, അത് നിലവില്‍ 1.43 ബില്യണില്‍ എത്തി നില്‍ക്കുകയാണ്. തൊട്ടുപിന്നില്‍ ചൈനയാണ്. 1.41 ബില്യണ്‍ ആണ് ചൈനയിലെ ജനസംഖ്യ. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പ്രവാസനിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ എന്നതില്‍ അതിശയിക്കാനില്ല.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം വിദേശ ഇന്ത്യക്കാരുടെ എണ്ണം 2024 മെയ് വരെ ഏകദേശം 35.42 ദശലക്ഷമാണ്. ഇതില്‍ 15.85 ദശലക്ഷം പ്രവാസി ഇന്ത്യക്കാരും, 19.57 ദശലക്ഷം ആളുകള്‍ ഇന്ത്യന്‍ വംശജരുമാണ്.

ലോകത്ത് ഏറ്റവും അധികം ഇന്ത്യന്‍ പ്രവാസികളുള്ളത് അമേരിക്കയിലാണ്. അമേരിക്ക അവസരങ്ങളുടെ നാടാണ്’ കൂടാതെ ഏറ്റവും കൂടുതല്‍ വിദേശ ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2024 മെയ് വരെ യുഎസില്‍ 5.4 ദശലക്ഷത്തിലധികം വിദേശ ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. യുഎസിലെ ഏറ്റവും വലിയ ‘ഏഷ്യന്‍-എലോണ്‍’ ഗ്രൂപ്പാണ് ഇന്ത്യക്കാര്‍. യുഎസില്‍ വിവിധ ജോലികളില്‍ വിവിധ തലങ്ങളില്‍ ഇന്ത്യക്കാരുണ്ട്. അമേരിക്കന്‍ മണ്ണിലെ ഏറ്റവും പ്രശസ്തരായ രണ്ട് വിദേശ ഇന്ത്യക്കാരാണ് സുന്ദര്‍ പിച്ചൈയും സത്യ നാദെല്ലയും. യഥാക്രമം ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നീ രണ്ട് വലിയ കമ്പനികളെ നയിക്കുന്നവരാണ് ഇവര്‍.

അമേരിക്കയെ കൂടാതെ, ഏറ്റവും അധികം ഇന്ത്യന്‍ പ്രവാസികളുള്ള മറ്റ് ചില രാജ്യങ്ങള്‍ക്കൂടി പരിചയപ്പെടാം.

അമേരിക്ക കഴിഞ്ഞാല്‍ മുപ്പത്തിയഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള യുഎഇ ആണ് പിന്നിലുള്ളത്. 3,568,848 മാണ് ഇവിടുത്തെ വിദേശ ഇന്ത്യക്കാരുടെ എണ്ണം. തൊഴില്‍ അവസരവും വിദേശ നിക്ഷേപവും ആകര്‍ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നയം കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ലോകമെമ്പാടുമുള്ള ധാരാളം കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഇടം കൂടിയാണ്.

ഇന്ത്യക്കാരെ ആകര്‍ഷിക്കുകയും ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കൊണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന രാജ്യമാണ് മലേഷ്യ. 2,914,127 ഇന്ത്യക്കാര്‍ മലേഷ്യയിലുണ്ട്. ഇതില്‍ ഏകദേശം 163,127 പേര്‍ പ്രവാസി ഇന്ത്യക്കാരും മറ്റുള്ളവര്‍ ഇന്ത്യന്‍ വംശജരുമാണ്. വലിയൊരു വിഭാഗം ഇന്ത്യന്‍ തമിഴര്‍ മലേഷ്യയിലാണ് താമസിക്കുന്നത്.

പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ 2,875,954 ല്‍ എത്തി നില്‍ക്കുന്ന കാനഡയാണ് നാലാം സ്ഥാനത്ത്. ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ള മുന്‍നിര രാജ്യങ്ങളിലൊന്നാണ് കാനഡ. കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പഞ്ചാബികളാണ്. അവരില്‍ കുറച്ചുപേര്‍ കനേഡിയന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നതും ശ്രദ്ധേയം.

മികച്ച തൊഴിലിടവും സാമ്പത്തിക ഭദ്രതയും തേടിയ പ്രവാസികളായ ഇന്ത്യക്കാരാല്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന സൗദി അറേബ്യയാണ് ഇന്ത്യക്കാരുടെ മറ്റൊരു പ്രിയപ്പെട്ട ഇടം. പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ 2,463,509 ആണ് ഇവിടെ.

2,002,660 പ്രവാസി ഇന്ത്യക്കാരുള്ള മ്യാന്‍മറാണ് പട്ടികയില്‍ ആറാം സ്ഥാനം വഹിക്കുന്നത്. ഏകദേശം 2,660 പ്രവാസി ഇന്ത്യക്കാരും ഏകദേശം 2 ദശലക്ഷം ഇന്ത്യന്‍ വംശജരും മ്യാന്‍മറില്‍ താമസിക്കുന്നുണ്ട്.

പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത് യു.കെ ആണ്. 1,864,318 ആണ് യുകെയിലെ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം. എട്ടാം സ്ഥാനത്താകട്ടെ ദക്ഷിണാഫ്രിക്കയാണ്. 1,700,000 പ്രവാസി ഇന്ത്യക്കാരുണ്ടിവിടെ. 1,607,500 പ്രവാസി ഇന്ത്യക്കാരുമായി ഒമ്പതാം സ്ഥാനത്താണ് ശ്രീലങ്ക. കുവൈറ്റില്‍ 995,528 ഇന്ത്യക്കാരുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് പത്താം സ്ഥാനത്താണ്. 10 ലക്ഷത്തില്‍ താഴെ ഇന്ത്യക്കാരുള്ള ഓസ്ട്രേലിയയാണ് പതിനൊന്നാം സ്ഥാനത്ത്. 976,000 പേരില്‍ ഏകദേശം 350,000 പ്രവാസി ഇന്ത്യക്കാരും 626,000 പേര്‍ ഇന്ത്യന്‍ വംശജരുമാണ്.

500,000ത്തിലധികം ഇന്ത്യക്കാരുള്ള ഏക ആഫ്രിക്കന്‍ രാജ്യമാണ് മൗറീഷ്യസ്. മൗറീഷ്യസില്‍ ഏകദേശം 894,848 വിദേശ ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ 12ാം സ്ഥാനത്താണ് മൗറീഷ്യസ്. 13ാം സ്ഥാനം ഖത്തറിനാണ്. ഏകദേശം 836,784 വിദേശ ഇന്ത്യക്കാരുണ്ട് ഇവിടെ. അതില്‍ പ്രവാസി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ വടക്ക് അയല്‍രാജ്യമായ നേപ്പാളിനും ഇന്ത്യയ്ക്കും തുറന്ന അതിര്‍ത്തിയുണ്ട്, ഇരു രാജ്യങ്ങളിലെയും ആളുകള്‍ക്ക് എളുപ്പത്തില്‍ പരസ്പരം എത്തിച്ചേരാനാകും. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ നേപ്പാള്‍ 14ാം സ്ഥാനത്താണ്. 700,004 ഇന്ത്യക്കാരുണ്ട് നേപ്പാളില്‍.

ഒമാന്‍(686,635) 15ാം സ്ഥാനത്തും, സിംഗപ്പൂര്‍ (650,000) 16ാം സ്ഥാനത്തും, ട്രിനിഡാഡ് & ടൊബാഗോ (549,545 ) 17ാം സ്ഥാനത്തുമാണുള്ളത്. ബഹ്‌റൈന്‍ (327,807), ഗയാന (321,500), ഫിജി (316,081) എന്നീ രാജ്യങ്ങള്‍ യഥാക്രമം 18,19,20 സ്ഥാനത്തുമാണ് ഉള്ളത്.

More Stories from this section

family-dental
witywide