
ന്യൂ ഡൽഹി: യുഎസ് മിഷൻ ടു ഇന്ത്യ ഇന്ത്യയിലെ യുഎസ് യാത്രക്കാർക്കാർക്കായി 250,000 അധിക വീസ അപ്പോയിൻ്റ്മെൻ്റുകൾ നൽകുമെന്ന് യുഎസ് കോൺസുലേറ്റ് അറിയിച്ചു. വിനോദസഞ്ചാരികൾ, വിദഗ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാരുടെ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ചാണ് ഈ നടപടി.
ഇന്ത്യ-അമേരിക്ക ബന്ധം ഉഷ്മളമാക്കുന്നതിന്റെ ഭാഗമായുള്ള നടപടി യാത്രകൾ സുഗമമാക്കുമെന്നും പുതിയ സ്ലോട്ടുകൾ ലക്ഷക്കണക്കിന് ഇന്ത്യൻ അപേക്ഷകരെ സമയബന്ധിതമായി അഭിമുഖം നടത്താൻ സഹായിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.
2024- ൽ ഇതുവരെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. രേഖകൾ പ്രകാരം 2023 ലെ ഇതേ കാലയളവിലെ യാത്രക്കാരെക്കാൾ 35 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കുറഞ്ഞത് ആറ് ദശലക്ഷം ഇന്ത്യക്കാർക്കെങ്കിലും യുഎസ് സന്ദർശിക്കാൻ കുടിയേറ്റേതര വിസയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വിസ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അടുത്തിടെ പ്രസ്താവിച്ചു. എംബസിയിലെയും മറ്റ് കോൺസുലേറ്റുകളിലെയും ഞങ്ങളുടെ സംഘം വിസാ സംബന്ധിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റാൻ അ്ശ്രാന്തമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
U.S. Mission Releases New 250000 Appointments to Meet Visa Demands of Indians