
തിരുവനന്തപുരം: ബിജെപി തകര്‍ന്ന് തരിപ്പണമാകുമെന്നും 20 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ജഗതി യുപി സ്‌കൂളിലാണ് എകെ ആന്റണി വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചപ്പോള്‍ മുതല്‍ തന്നെ കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും എതിരെ വീശുകയാണെന്നും ആ കൊടുങ്കാറ്റിന്റെ ശക്തിയില്‍ ഇന്നത്തെ പോളിംഗ് കഴിയുമ്പോള്‍ ഇടതുമുന്നണി തകരും, ബിജെപി തകര്‍ന്ന് തരിപ്പണമാകും എന്നും അദ്ദേഹം പ്രതികരിച്ചു.
20 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലേക്ക് പോയ മകന്‍ അനില്‍ ആന്റണി തോല്‍ക്കുമെന്ന് മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.