കടുത്ത തീരുമാനം! അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ 15000 ജീവക്കാരെ പിരിച്ചുവിടും

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ 15000 ജീവക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായിറിപ്പോര്‍ട്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി കടുത്ത തീരുമാനത്തിലേക്ക് കടന്നത്. മാത്രമല്ല, എന്‍വിഡിയ, എഎംഡി പോലുള്ള കമ്പനികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിനുമാണ് തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

2025ല്‍ ആയിരം കോടി ഡോളര്‍ ലാഭിക്കണമെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ജീവനക്കാര്‍ക്ക് അയച്ച കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ പാദത്തിലെ ഇന്റലിന്റെ വരുമാന കണക്കുകള്‍. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 160 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടതെന്ന് കമ്പനി സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു.

അടുത്ത ആഴ്ച, ജീവനക്കാര്‍ക്കായി ഇന്റല്‍ ഒരു ‘മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ഓഫര്‍’ പ്രഖ്യാപിക്കുമെന്നും ഈ തീരുമാനം തന്റെ കരിയറില്‍ എടുത്ത ഏറ്റവും കടുത്ത തീരുമാനമാണെന്നും ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ തുടക്കമായ 1968ലാണ് ചിപ്പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.