
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ യാത്രയെക്കുറിച്ചുള്ള യുഎസ് പ്രതിനിധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം. അമേരിക്കയുമായുള്ള ഇന്ത്യയുടെ വിപുലമായ ബന്ധം, പരസ്പര ബഹുമാനവും വിവിധ കാര്യങ്ങളില്‍ ‘വിയോജിക്കാന്‍ സമ്മതിക്കാനുള്ള’ കഴിവും അനുവദിക്കുന്നുവെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചില വിഷയങ്ങളില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഇക്കാര്യത്തില്‍ പറഞ്ഞ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിലും സംഘര്‍ഷത്തിലും ഇന്ത്യയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാനാവില്ലെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നല്‍കിയത്.
മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയും അതിന്റെ ‘തന്ത്രപരമായ സ്വയംഭരണത്തെ’ വിലമതിക്കുന്നു. യുഎസ് അംബാസഡര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് അര്‍ഹതയുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്, യുഎസുമായുള്ള ഞങ്ങളുടെ സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം പരസ്പരം കാഴ്ചപ്പാടുകളെ മാനിച്ചുകൊണ്ട് ചില വിഷയങ്ങളില്‍ വിയോജിക്കാന്‍ ഞങ്ങള്‍ക്ക് ഇടം നല്‍കുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.