
കൊച്ചി: കൊച്ചിയില്‍ അമേരിക്കന്‍ കോര്‍ണര്‍ സ്ഥാപിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി യു എസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈ വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവച്ചു.
ലോകമെമ്പാടും യു.എസ് നടപ്പിലാക്കുന്ന 600 ലധികം വരുന്ന പാര്‍ട്ണര്‍ഷിപ്പ് മോഡലുകളിലൊന്നായ അമേരിക്കന്‍ സ്പേസ് ശൃംഖലയുടെ ഭാഗമാകും കുസാറ്റിലെ അമേരിക്കന്‍ കോര്‍ണര്‍. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആര്‍ട്സ്, മാത്തമാറ്റിക്സ് (എസ് ടി ഇ എം) എന്നിവയിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും പുതുതലമുറയെ ശാക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി ശങ്കരന്റെ സാന്നിധ്യത്തില്‍ യു.എസ് കോണ്‍സല്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഡബ്ല്യു. ഹോഡ്ജസും കുസാറ്റ് രജിസ്ട്രാര്‍ പ്രൊഫ. ഡോ വി. മീരയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
18 യു എസ് സര്‍വകലാശാലകളുടെ സംഘമായ യു.എസ് എഡ്യുക്കേഷന്‍ ട്രേഡ് ഡെലിഗേഷന്റെ കുസാറ്റ് സര്‍വ്വകലാശാല സന്ദര്‍ശനിത്തിനിടെയായിരുന്നു ചടങ്ങ്. കുസാറ്റിലെ അമേരിക്കന്‍ കോര്‍ണര്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കും.
ഈ വര്‍ഷം തന്നെ അമേരിക്കന്‍ കോര്‍ണര്‍ തുറക്കാമെന്നാണ് പ്രതീക്ഷയെന്ന് സര്‍വകലാശാല അറിയിച്ചു. കുസാറ്റിന്റെ അക്കാദമികരംഗത്ത് കൂടുതല്‍ ഫലവത്തായ ഗവേഷണ ഫലങ്ങളും നവീകരണങ്ങളും കൈവരിക്കാന്‍ അമേരിക്കന്‍ കോര്‍ണറിന് സാധ്യമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ അഭിപ്രായപ്പെട്ടു.
‘കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു പുതിയ അമേരിക്കന്‍ കോര്‍ണര്‍ തുറക്കുന്നതിനായി കുസാറ്റുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഫാക്കല്‍റ്റികളും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കുന്ന ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രാപ്തമാക്കുമെന്നും കോണ്‍സല്‍ ജനറല്‍ ഹോഡ്ജസ് പറഞ്ഞു.