
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ഡോണള്‍ഡ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള മത്സരത്തെക്കുറിച്ചും പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കഴിഞ്ഞ അഞ്ച് പ്രസിഡന്റുമാര്‍ക്കൊപ്പവും ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം സ്ഥിരമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇക്കുറി വിജയം ആരുടെയൊപ്പം ആയാലും ഇന്ത്യയുമായുള്ള ബന്ധം വളരുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുകയാണ് എസ് ജയശങ്കര്‍.
ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം സംയുക്തമായി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് പ്രസിഡന്‍സിയുള്‍പ്പെടെ കഴിഞ്ഞ 5 പ്രസിഡന്‍സികളില്‍ യു.എസുമായി ഇന്ത്യക്ക് മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്നും അതിനാല്‍, അമേരിക്കന്‍ തിരഞ്ഞെടുപ്പിലേക്ക് നോക്കുമ്പോള്‍, വിധി എന്തുതന്നെയായാലും, യുഎസുമായുള്ള ഞങ്ങളുടെ ബന്ധം വളരുകയേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, അക്കാര്യത്തില്‍ ഇന്ത്യക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.