
അമേരിക്കൻ ദേശീയ രാഷ്ട്രീയത്തിലെ താരതമ്യേന പുതുമുഖങ്ങളായ റിപ്പബ്ളിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയും ഒഹായോ സെനറ്ററമായ ജെ.ഡി വാൻസും ഡെമോക്രാറ്റ് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയും മിനസോട്ട ഗവർണറുമായ ടിം വാൾസും തമ്മിലുള്ള സംവാദം പുരോഗമിക്കുകയാണ്. വളരെ മാന്യവും വ്യക്തവുമായ സംവാദത്തിൽ അതതു പാർട്ടികളുടെ നയപരിപാടികളും നിലപാടുകളുമാണ് ഇരുവരും വിശദീകരിക്കുന്നത്. ഇതുവരെ എന്തെങ്കിലും തരത്തിലുള്ള വ്യക്തി അധിക്ഷേപങ്ങളോ വിവാദ പരാമർശങ്ങളോ ഇരുവരും നടത്തിയിട്ടില്ല.
ഈ സംവാദങ്ങൾ നയങ്ങളിൽ കേന്ദ്രീകരിക്കാൻതന്നെയാണ് മോഡറേറ്റർമാരും ശ്രമിക്കുന്നത്., പക്ഷേ ടെലിവിഷൻ ഒരു ദൃശ്യമാധ്യമമാണ്, ക്യാമറയ്ക്ക് മുന്നിലുള്ള സ്ഥാനാർത്ഥികളുടെ പ്രകടനം തീർച്ചയായും കാഴ്ചക്കാരിൽ പ്രതിധ്വനിക്കും.
വാൽസിനേക്കാൾ മികച്ച രീതിയിൽ സംസാരിക്കുന്നത് ജെ ഡി വാൻസാണ്. മുമ്പു തന്നെ ടെലിവിഷൻ പരിപാടികളിൽ നിരന്തരം പങ്കെടുത്തു പരിചയമുള്ള മികച്ച പ്രഭാഷകനാണ് വാൻസ്. ടെലിവിഷൻ ചർച്ചകളിൽ നിരവധി തവണ പങ്കെടുത്തിട്ടുള്ള വാൻസ് പ്രേക്ഷകരെ കയ്യിലെടുക്കും വിധം മനോഹരമായി തന്നെ സംസാരിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നര വർഷമായി വൈറ്റ് ഹൗസിൽ ഭരണം നടത്തുന്ന യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല എന്ന് സദസ്സിനെ അദ്ദേഹം നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
“ജനങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് കമലാ ഹാരിസിന് ഇത്രയും വലിയ പദ്ധതികൾ ഉണ്ടെങ്കിൽ, അവൾ അത് ഇപ്പോൾ ചെയ്യണം,” വാൻസ് പറഞ്ഞു.
സംവാദത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഇസ്രായേലിനെതിരെ ഇറാൻ്റെ മിസൈൽ ആക്രമണം നടന്നതോടെ, ചർച്ചയുടെ ആദ്യ ചോദ്യം പശ്ചിമേഷ്യയിലെ സംഘർഷത്തെ കേന്ദ്രീകരിച്ചായിരുന്നു.
ഇറാനിയൻ മിസൈൽ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ ടിം വാൾസ് നൽകിയ ഉത്തരം ആത്മവിശ്വാസം നിറഞ്ഞതായിരുന്നില്ല. വിദേശ നയം സംബന്ധിച്ച് അദ്ദേഹത്തിന് കൃത്യമായ ഉറപ്പില്ല എന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു സംസാരം. എന്നാൽ അദ്ദേഹത്തിനു പരിചയമുള്ള വിഷയമായ കുടിയേറ്റം പോലുള്ള വിഷയങ്ങളിൽ വളരെ വ്യക്തമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റിയിലെ സിബിഎസ് ബ്രോഡ്കാസ്റ്റ് സെൻ്ററിലാണ് സംവാദം നടക്കുന്നത്. അമേരിക്കൻ സമയം രാത്രി 9 മണിക്കാണ് സംവാദം ആരംഭിച്ചു.
US Elections Vance-Wallace Debate Continues, No Controversy Only Policy Debate















