
ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് ഇടിച്ചു തകർത്ത കണ്ടെയ്‌നർ കപ്പൽ ഡാലിയുടെ ഉടമകളോട് 100 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം യുഎസ് സർക്കാരിന് നൽകാൻ യുഎസ് നീതിന്യായ വകുപ്പ് ഉത്തരവിട്ടു.
കപ്പൽ ഉടമകളായ സിങ്കപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡും കപ്പലിൻ്റെ നടത്തിപ്പുകാരും മലയാളി ഉടമസ്ഥതയിലുമുള്ള സിനർജി മറൈൻ പ്രൈവറ്റ് ലിമിറ്റഡും പണം നൽകാൻ സമ്മതിച്ചു. ഒരു മാസമായി സെറ്റിൽമെൻ്റ് സംബന്ധിച്ച് വാദങ്ങൾ നടക്കുകയായിരുന്നു.
മാർച്ച് 26ന് ആയിരുന്നു ബാൾട്ടിമോറിലെ തുറമുഖത്തു നിന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഡാലി എന്ന ചരക്കു കപ്പൽ നിയന്ത്രണം വിട്ട് ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിക്കുകയും പാലത്തിന്റെ കുറേയേറെ ഭാഗം തകർന്ന് പട്ടാപ്സ്കോ നദിയിൽ വീഴുകയും ചെയ്തത്. പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന 6 പേർ അപകടത്തിൽ മരിച്ചു.
അപകടത്തിന്റെ പരിണത ഫലം നേരിട്ടതോ അപകട രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതോ ആയ ഫെഡറൽ ഏജൻസികളിലേക്കോ യുഎസ് ട്രഷറിയിലേക്കോ ഈ പിഴ തുക പോകും. എന്നാൽ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ പുനർനിർമ്മാണം ഈ സെറ്റിൽമെൻ്റിൽ ഉൾപ്പെടുന്നില്ലെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
കപ്പലിലെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങളുടെ തകരാറാണ് അപകടത്തിന് കാരണമെന്നും അറ്റകുറ്റപ്പണികൾ കൃത്യ സമയത്ത് നടത്താതതാണ് ഇതിനു കാരണമെന്നും യുഎസ് ആരോപിച്ചു. ബാൾട്ടിമോർ തുറമുഖം വിട്ട് അധികം താമസിയാതെ ഡാലിയിലെ ഇലക്ട്രിക് സംവിധാനം കതരാറിലായി, കപ്പൽ മുഴുവൻ ഇരുട്ടിലായി, കപ്പലിൻ്റെ നിയന്ത്രണം നഷ്ടമായി കപ്പൽ പാലത്തിന്റെ തൂണുകളിൽ ഇടിച്ചുകയറി. പാലത്തിന്റെ ടൺ കണക്കിന് അവശിഷ്ടങ്ങൾ നദിയിൽ വീണ് കപ്പൽപാതതന്നെ അടഞ്ഞുപോയി. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ ബാർട്ടിമോർ തുറമുഖം മാസങ്ങളോളം അടഞ്ഞുകിടന്നു. ഇതുവലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. തുറമുഖവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന പലരുടേയും ജീവിതം ദുരിതത്തിലാക്കി. പാലം തകർന്നതോടെ പ്രദേശവാസികളുടെ ഗതാഗതവും ദുരിതത്തിലായി.
ഷിപ്പിംഗ് ചാനലിൽ നിന്നും ഡാലിയിൽ നിന്നും 50,000 ടൺ സ്റ്റീൽ, കോൺക്രീറ്റ്, അസ്ഫാൽറ്റ് എന്നിവ നീക്കം ചെയ്യാൻ യുഎസ് നിരവധി ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ ഏജൻസികളെ ഏകോപിപ്പിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.
US gets $100m settlement for Baltimore Francis Scott Key bridge collapse by Singapore Ship Dally