യുഎസ് ജനപ്രതിനിധി സംഘം ധർമശാലയിൽ എത്തി ദലൈലാമയെ കണ്ടു; വിയോജിപ്പ് അറിയിച്ച് ചൈന

ഏഴു പേരടങ്ങുന്ന യുഎസ് ജനപ്രതിനിധി സംഘം ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വച്ചാണ് ദലൈ ലാമയെ കണ്ടത്. ഈ കൂടിക്കാഴ്ച ചൈനയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈന നാടുകടത്തിയ ടിബറ്റൻ ആത്മീയ നേതാവാണ് ദലൈ ലാമ.

ദലൈ സംഘത്തിൻ്റെ ചൈന വിരുദ്ധവും വിഘടനവാദ സ്വഭാവവും പൂർണ്ണമായി തിരിച്ചറിയണമെന്നും അതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ചൈന യുഎസിനോട് ആവശ്യപ്പെട്ടു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദലൈലാമയെ കാണാൻ വേണ്ടി മാത്രമാണ് അമേരിക്കൻ ജനപ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചത്.
ടിബറ്റൻ ജനതയുടെ മതവും സംസ്‌കാരവും ആചരിക്കുന്നതിന് അവർക്കുള്ള അവകാശങ്ങളെ അമേരിക്ക ദീർഘകാലമായി പിന്തുണയ്ക്കുന്നുണ്ട്. ടിബറ്റിൽ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ യുഎസ് വിമർശിക്കുകയും ചെയ്യുന്നുണ്ട്.

യുഎസ് ജനപ്രതിനിധി സഭ ഈ മാസം ഒരു ഉഭയകക്ഷി ബിൽ പാസാക്കിയിരുന്നു. അതിൽ ചരിത്രപരവും സാംസ്കാരികവും മതപരവും ഭാഷാപരവുമായ ടിബറ്റൻ സ്വത്വത്തെ അംഗീകരിക്കാൻ ചൈനയോട് യുഎസ് ആവശ്യപ്പെടുന്നുണ്ട്. ടിബറ്റൻ നേതാക്കളുമായി 2010 മുതൽ മുടങ്ങിക്കിടക്കുന്ന ചർച്ച പുനരാരംഭിക്കാനും യുഎസ് ചൈനയോട് ആഹ്വാനം ചെയ്യുന്നുണ്ട്. ഈ ബിൽ ഡ്രാഫ്റ്റ് ചെയ്ത രണ്ട് ജനപ്രതിനിധികളും മുൻ ഹൌസ് സ്പീക്കർ നാൻസി പെലോസിയും സന്ദർശക സംഘത്തിലുണ്ട്. ബൈഡൻ ബില്ലിൽ ഒപ്പിട്ടാൽ ഇത് നിയമമായി മാറും.

യുഎസ് – ചൈന ബന്ധം ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരത്തിലുള്ള ഒരു നീക്കം യുഎസ് നടത്തിയത് ചൈനയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആഭ്യന്തര വിഷയങ്ങളായ തയ്വാനും ടിബറ്റും അവസരം കിട്ടുമ്പോളെല്ലാം കുത്തിപ്പൊക്കാൻ യുഎസ് ശ്രമിക്കുന്നുമുണ്ട്.

US Lawmakers met with Dalai Lama At Dharamshala

More Stories from this section

family-dental
witywide