ഭാരത് ബോട്ട് ക്ലബ് ഫാമിലി നൈറ്റ് ഗംഭീരമായി ആഘോഷിച്ചു

ജയപ്രകാശ് നായർ

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ ആഘോഷിച്ചു. സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള സ്വാഗതം പറഞ്ഞു. രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ചെറിയാൻ വി കോശി, അജീഷ് നായർ, വിശാൽ വിജയൻ എന്നിവർ കോഓർഡിനേറ്റർമാരായിരുന്നു. രോഹിത് രാധാകൃഷ്ണൻ അമേരിക്കൻ ദേശീയഗാനവും ജിയാ രാജേഷ് വന്ദേമാതരവും ആലപിച്ചു.

പ്രസിഡന്റ് ചെറിയാൻ വി കോശി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തന അവലോകനം അവതരിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ചു ക്വീൻസിൽ നടന്ന മത്സര വള്ളം കളിയിൽ വിജയിച്ച ഭാരത് ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽക്കാരെ അഭിനന്ദിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ സജു എബ്രഹാം ടീമംഗങ്ങളെ അനുമോദിച്ചു. തുടർന്നു ഭാരവാഹികളും മുഖ്യാതിഥികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ഭാരത് ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹമാണെന്നും സമൂഹത്തിൽ ഐക്യം ഉണ്ടാകുവാൻ ഭാരത് ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാരണമായിത്തീരുമെന്നുംമുഖ്യാതിഥി ഡോ. ആനി പോൾ പറഞ്ഞു. റോക്കലാൻഡിൽ ഒരു വള്ളം കളി മത്സരം ഭാരത് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.

ജിയ രാജേഷ്, ജയകുമാർ, രജനി ജയകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജയപ്രകാശ് നായർ കവിത ചൊല്ലി. ന്യൂജേഴ്സിയിൽ നിന്നുള്ള പ്രഭ ഹരിയും ടീമും, ഗീതാഞ്ജലി വിശാൽ, ശിൽപ്പ രാധാകൃഷ്ണൻ, ഇവാനിയ, അമേലിയ എന്നിവരും നൃത്തങ്ങൾ അവതരിപ്പിച്ചു.

നടൻ, മിമിക്രി കലാകാരൻ, നാടൻ പാട്ടുകാരൻ എന്നീ നിലകളിൽ സുപ്രസിദ്ധനായ വിപിൻ കുമാർ കാഴ്ച്ച വെച്ച പരിപാടികളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു. അദ്ദേഹവും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ചേർന്ന് കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് പാടിയ നാടൻ പാട്ടുകൾ ഹൃദ്യമായിരുന്നു. രോഹിത് രാധാകൃഷ്ണൻ, നവനീത് കൃഷ്ണരാജ്, ദേവ് ജയകുമാർ, ധീരജ് ജയകുമാർ എന്നിവർ ചേർന്ന് നടത്തിയ മ്യൂസിക്കൽ ബാന്റ് വളരെ മികച്ചതായിരുന്നു.

നാട്ടിലും അമേരിക്കയിലും മത്സര വള്ളം കളികളിൽ പങ്കെടുത്തിട്ടുള്ള ഫ്രാൻസിസ് എബ്രഹാമിനെ വിശാൽ വിജയൻ സദസിനു പരിചയപ്പെടുത്തുകയും, ട്രസ്റ്റീ ബോർഡ് ചെയർമാൻ സജു എബ്രഹാം അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ധനശേഖരണാർത്ഥം സംഘടിപ്പിച്ച റാഫിൾ നറുക്കെടുപ്പിൽ ജോൺ കുസുമാലയം, സുരേഷ് നായർ, സ്പോൺസർ കൂടിയായ ഗ്ലോബൽ കൊളിഷനിലെ ചാക്കോ, ഹരികൃഷ്ണൻ സി നായർ, കാശിനാഥൻ നായർ എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങൾക്കുള്ള സമ്മാനങ്ങൾ നേടി. മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കോങ്കേഴ്സിലുള്ള ഗ്ലോബൽ കൊളീഷൻ ആൻഡ് ബോഡി വർക്സ് ആയിരുന്നു പ്രധാന സ്പോൺസർ.

ക്യാപ്റ്റൻ രാധാകൃഷ്ണൻ കുഞ്ഞുപിള്ളയുടെ നേതൃത്വത്തിൽ ഭാരത് ബോട്ട് ക്ലബ്ബിന്റെ ടീമിന്റെ വഞ്ചിപ്പാട്ട് പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജോയിന്റ് സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കലിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം എല്ലാവരും ചേർന്നുള്ള ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു. രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഗീതാഞ്ജലി വിശാലും എം സി മാരായി പ്രവർത്തിച്ചു.

US Malayali Bharat Boat Club Family Night

More Stories from this section

family-dental
witywide