
വാഷിംഗ്ടണ്‍: സിറിയയില്‍ നടന്ന ആക്രമണത്തിനിടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവിനെ വധിച്ചതായി യുഎസ് സൈന്യം അറിയിച്ചു. ഹുറാസ് അല്‍-ദിന്‍ ഷൂറ കൗണ്‍സില്‍ അംഗവും സിറിയയില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന നേതാവുമായ അബു അബ്ദുള്‍ റഹ്മാന്‍ അല്‍ മക്കിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) വ്യക്തമാക്കി.
‘യുഎസ്, പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്ന നേതാവാണ് കൊല്ലപ്പെട്ടതെന്നും യു.എസ് സൈന്യം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായി പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി യുഎസ് സൈന്യത്തിന് സിറിയയില്‍ ഏകദേശം 900 സൈനികരുണ്ട്. ഇറാഖിലെയും സിറിയയിലെയും വിശാലമായ പ്രദേശങ്ങള്‍ കൈയടക്കിയ ജിഹാദികളെ നേരിടാന്‍ സഹായിക്കുന്നതിനായി 2014 ലാണ് ഈ സഖ്യം രൂപീകരിച്ചത്.













